കണ്ണൂർ കോർപ്പറേഷനിലെ വിമതന്റെ പിന്മാറ്റത്തിന് പിന്നിൽ കെഎം ഷാജി എംഎൽഎ

കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തെ ‍ പിന്തുണച്ച മുസ്ലീം ലീഗ് വിമതൻ കെപിഎ സലീമിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിച്ചത് കെഎം ഷാജി എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന്. പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ഇടഞ്ഞാണ് കെപിഎ സലീം ലീഗില്‍ നിന്നും മറുകണ്ടം ചാടി ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തത്. ഇതോടെ ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷ് തല്‍സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. ഇത് പോലെ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിൽ നിലനിൽക്കുന്ന കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്നായിരുന്നു എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍. ഇതിനിടെയിലാണ് കെ എം ഷാജിയുടെ ശക്തമായ ഇടപെടലുണ്ടായത്. തന്റെ ഉറ്റ അനുയായി ആയിരുന്ന കെപിഎ സലിമുമായി ചർച്ച നടത്തിയ ഷാജി, അദ്ദേഹത്തെ വീണ്ടും യുഡിഎഫ് പാളയത്തിലെത്തിച്ചിരിക്കുകയാണ്. ഇതോടെ പ്ലസ് ടു കോഴയിൽ തനിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്ന എൽഡിഎഫിനുള്ള മധുര പ്രതികാരമായി മാറി ഈ നീക്കം. താനിടപെട്ടാണ് കെപിഎ സലിം തിരിച്ചു വന്നതെന്നും എന്നാൽ ഇത് പ്ലസ് ടു കോഴ ആരോപണം ഉയർത്തിയതിനുള്ള മറുപടിയല്ലെന്നും അത് വിജിലൻസ് അന്വേഷണം കഴിഞ്ഞു കോടതി തീരുമാനിക്കുമെന്നും കെ എം ഷാജി എംഎൽഎ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.

ഇതോടെ ഫലത്തിൽ മുസ്ലീം ലീഗ് വിമതന്‍ കെപിഎ സലീമിന്റെ പിന്തുണയോടു കൂടി കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാനിറങ്ങിയ എല്‍ ഡി എഫിന് ഷാജിയുടെ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിരിക്കുകയാണ്. മെയ് മൂന്നിന് ലോക്ക് ഡൗണിന് ശേഷം നടക്കുന്ന കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും താന്‍ യുഡിഎഫ് ചേരിയില്‍ നില്‍ക്കുമെന്നും കെപിഎ സലിം പറഞ്ഞതോടെയാണ് ഭരണപക്ഷമായ യു ഡി എഫിന് ആശ്വാസമായിരിക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ മറുകണ്ടം ചാടിയ കെ പി എ സലീമിന്റെ വോട്ടിനാണ് ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷിന് സ്ഥാനം തെറിച്ചത്. നിലവിലുള്ള മേയര്‍ സ്ഥാനം രാജിവെച്ച് മുസ്ലീം ലീഗിന് കൈമാറാമെന്ന യു ഡി എഫിലെ ധാരണയും ഇതു പൊളിച്ചു. മേയര്‍ സുമ ബാലകൃഷ്ണന്‍ രാജിവെച്ച് മുസ്ലിം ലീഗിലെ സി സീനത്തിന് അധികാരം കൈമാറാനായിരുന്നു യു ഡി എഫിലെ ധാരണ. എന്നാല്‍ മുസ്ലീം ലീഗിലെ ആഭ്യന്തര പ്രശ്‌നമാണ് ലീഗിന് ആദ്യമായി കിട്ടുന്ന മേയര്‍ സ്ഥാനം ഇല്ലാതാക്കിയത്.

സലീമിന്റെ ഉടമസ്ഥതയില്‍ കക്കാട് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന ആരോപണങ്ങളുമായി സലീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സലീം രംഗത്തുവരുകയും ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കെ പി എ സലീം മറുകണ്ടം ചാടിയത്. എന്നാല്‍ പിന്നീട് ലീഗ് നേതൃത്വം അനുനയത്തിലെത്തുകയും വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: