29, 30 തീയ്യതികളില്‍ ജില്ലയില്‍മഴക്കാല പൂര്‍വ്വ ശുചീകരണം; എല്ലാ വീടും പരിസരവും ശുചിയാക്കണം

ജില്ലയില്‍ മലയോര മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടത്താന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഏപ്രില്‍ 29, 30 തീയ്യതികളിലായി മുഴുവന്‍ വീടുകളുടെയും പരിസരങ്ങള്‍ ശുചീകരിക്കാനാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. ലോക്ക് ഡൗണായതിനാല്‍ ജനങ്ങള്‍ വീടുകളില്‍ കഴിയുകയാണ്. അതിനാല്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടത്താന്‍ ഈ അവസരം ഉപയോഗിക്കണം. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഉദാസീനത ഉണ്ടാവരുതെന്നും അങ്ങനെ വന്നാല്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. വീടും പരിസരവും ശുചിയാക്കുന്നതിനൊപ്പം റബ്ബര്‍, കവുങ്ങ് തോട്ടങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കാനും ഉടമകള്‍ തയ്യാറാവണം. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും കെട്ടിടങ്ങളുടെ ടെറസിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. മത്സ്യമാര്‍ക്കറ്റുകള്‍ പോലുള്ള സ്ഥലങ്ങളിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട നടത്തിപ്പുകാരോ ഉടമകളോ സ്വീകരിക്കണം.
വീടുകളിലുള്ള മാലിന്യങ്ങള്‍ ഇനം തിരിച്ച് വേര്‍തിരിച്ച് വൃത്തിയാക്കി വെക്കണം. ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍ എത്തി പിന്നീട് ഇവ ശേഖരിക്കും. ബ്രേക്ക് ദ ചെയിന്‍ നിബന്ധനകള്‍ പാലിച്ച് മാത്രമേ ഈ പ്രവൃത്തികള്‍ ചെയ്യാവൂ എന്നും യോഗം നിര്‍ദേശിച്ചു.
എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍, ഡിഎംഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുനില്‍ ദത്തന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം രാജീവന്‍, എഡിസി (ജനറല്‍) അബ്ദുള്‍ ജലീല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ സാവിത്രി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി കെ ബേബി റീന, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ, ഡിഡിപി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എന്‍ വി ഹരീന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: