അഴീക്കലിൽ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂര്‍ എസ്.പിയോട് ഡിജിപി വിശദീകരണം തേടി

കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കൂടംകൂടി നിന്നവരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി. നിയമപരമായ നടപടികളെ പാടുള്ളൂവെന്നും ഏത്തമിടീച്ച സാഹചര്യം വ്യക്തമാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂർ അഴീക്കലിൽ കടയിൽ കൂട്ടമായിരുന്നവരെയാണ് എസ്പി ഏത്തമിടീച്ചത്. സർക്കാർ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത് എന്ന് ചോദിച്ചായിരുന്നു ഇവരോട് ഏത്തമിടാൻ പറഞ്ഞത്.

പറഞ്ഞത് അതുപോലെ മടികൂടാതെ അവർ അനുസരിക്കുകയും ചെയ്തു. ഞാൻ ഇനി നിർദേശങ്ങൾ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം എന്നും ഇവരെ കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്.

മുട്ടുമടക്കി നന്നായി ഏത്തമിടാൻ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഇവരോട് പറയുന്നതും വിഡിയോയിൽ കേൾക്കാം. നിർദേശങ്ങൾ ലംഘിക്കുന്നവരെ പൊലീസ് ക്രൂരമായി നേരിടുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യതീഷ് ചന്ദ്രയുടെ വേറിട്ട ശിക്ഷ. എന്നാൽ ഇതൊരു വലിയ ശിക്ഷയായിട്ട് കാണരുതെന്ന്. ജനം അനുസരിക്കാൻ വേണ്ടി ഒരു ബോധവൽക്കരണം നടത്തിയതാണെന്നുമാണ് എസ്പി പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: