വള്ളിത്തോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്
നിര്‍മാണോദ്ഘാടനം


പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം:
മന്ത്രി കൃഷ്ണന്‍കുട്ടി

കെഎസ്ഇബിക്കു കീഴില്‍ നടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി വള്ളിത്തോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുമാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തി അഞ്ചുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്ന സ്ഥിതിമാറണം. പദ്ധതികളുടെ ഉദ്ഘാടന തിയതി മുന്‍കൂട്ടി കണ്ടു പ്രവൃത്തി ആരംഭിക്കണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഉപഭോക്താവിന് എന്തു ഗുണം ലഭിക്കുമെന്നും ആലോചിക്കണം. സോളാര്‍ ഉപയോഗത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണം- മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. റിട്ട. അധ്യാപകന്‍ വള്ളിത്തോട് സ്വദേശി റോയ് കല്ലറയ്ക്കല്‍ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് സെക്ഷന്‍ ഓഫിസ് പണിയുന്നത്. ഇരുനിലകളിലായി 2000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഒന്‍പതു മാസത്തിനകം പൂര്‍ത്തിയാക്കും. പദ്ധതിക്കായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വാടകകെട്ടിടത്തിലാണ്  സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
അഡ്വ. സണ്ണിജോസഫ് എം എല്‍ എ അധ്യക്ഷനായി. ശിലാഫലകം അനാഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ഐ.ടി ഡയരക്ടര്‍ എസ് രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി രജനി (പായം), കുര്യച്ചന്‍ പയ്യംപള്ളികുന്നേല്‍ (അയ്യന്‍കുന്ന്), കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി അശോക്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാറ്റയില്‍, പായം പഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി, കെഎസ്ഇബി സ്വതന്ത്ര ഡയരക്ടര്‍ അഡ്വ. വി മുരുകദാസ്, ഉത്തരമലബാര്‍ വിതരണ വിഭാഗം ചീഫ് എന്‍ജിനിയര്‍ എം കെ നാരായണന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബുരാജ് ഉളിക്കല്‍, തോമസ് വര്‍ഗീസ്, ഹുസൈന്‍കുട്ടി, അജയന്‍ പായം സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: