തലശ്ശേരിയിൽ പൈപ്പ് ബോംബ് പൊട്ടി മൂന്ന് പേർക്ക് പരിക്ക്

തലശ്ശേരി: നഗരത്തിലെ ജൂബിലി റോഡിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ടിൽ ഉണ്ടായ പൈപ്പ് ബോംബ് സ്ഥോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോഴിക്കോട് കുറ്റ്യാടി കടയങ്ങാട് കരിക്കുളത്തിൽ പ്രവീൺ (33), കുറ്റ്യാടി വേളം പുളുക്കൂൽ താഴെ പുളിയിൽകണ്ടി റഫീഖ് (34 ), കൊല്ലം പള്ളിമുക്കിലെ ഷക്കീർ (36) എന്നിവർക്കാണ് പരിക്കേറ്റത്.ദേഹമാസകലം പരിക്കേറ്റ മൂന്ന് പേരെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രവീണിന്റെ മൂക്കിന്റെ ഒരു ഭാഗം അറ്റുപോയി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പൂജദ്രവ്യങ്ങൾ ശേഖരിച്ച് കടകളിൽ വിൽപ്പന നടത്തുന്ന മൂവരും അരയാൽ മൊട്ട് ശേഖരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചെറിയ കല്ലുകൾ മാറ്റി കൂട്ടിയിട്ട കല്ലുകൾക്ക് മീതെ ഇട്ടപ്പോഴാണ് വൻ ശബ്ദത്തോടെ സ്ഫോടനം നടന്നത്.നഗരമധ്യത്തിൽ പട്ടാപകൽ ഉണ്ടായ സ്ഫോടനം വ്യാപാരികളെയും നഗരത്തിലെത്തിയവരെയും പരിഭ്രാന്തിയിലാഴ്ത്തി. വിവരമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ എ.എൻ ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, വൈസ് ചെയർപേഴ്സൺ നജിമഹാഷിം, നരസഭ പ്രതിപക്ഷ നേതാവ് സാജിത ടീച്ചർ തുടങ്ങിയവർ സന്ദർശിച്ചു.
ബി ജെ പി ഓഫീസിന് സമീപത്ത് ഉണ്ടായ സ്ഥോടനം അതീവ ഗൗരവത്തോടെ കാണണമെന്നും ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ബി.ജെ. പി യുടെ ശ്രമമാണെന്നും എ.എൻ ഷംസീർ പറഞ്ഞു. പരിക്കേറ്റ നിരപരാധികളുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കണമെന്നും അവർക്ക് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: