അരിയിൽ കൈപ്പാട് ഭൂമിയിൽ ഇനി പൊന്ന് വിളയും: നെൽ കൃഷിയിറക്കുന്നത് 48 ഹെക്ടറിൽ

ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി പട്ടുവം പഞ്ചായത്തിലെ അരിയിൽ പ്രദേശത്ത് കൃഷിയിറക്കുന്നു. 48 ഹെക്ടർ വരുന്ന കൈപ്പാട് ഭൂമിയിലാണ് ജില്ലാ പഞ്ചായത്ത് പൊന്ന് വിളയിക്കാനൊരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനമെന്നോണം പ്രദേശത്ത് നിലമൊരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പട്ടുവം ഗ്രാമ പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള തരിശ് ഭൂമിയാണ് പദ്ധതിയുടെ ഭാഗമായി കൃഷിയോഗ്യമാക്കാൻ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. ഉപ്പ് വെള്ളം കയറുന്നതിനാൽ കൃഷിയോഗ്യമല്ലാതിരുന്ന ഭൂമി നെൽകൃഷിക്കായി സജ്ജീകരിക്കുന്നതിന് അത്യാധുനിക യന്ത്രസംവിധാനങ്ങളുൾപ്പെടെയുള്ളവയാണ് ഉപയോഗിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിലം ഒരുക്കും. കാലവർഷം കഴിയുന്നതോടെ കൃഷി ആരംഭിക്കാനാണ് പദ്ധതി.

നിലം ഒരുക്കൽ പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. അംഗങ്ങളായ അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനക്കീൽ ചന്ദ്രൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ വിജയൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: