ഇരിട്ടി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ് – നിയന്ത്രണം രാവിലെ 8 മുതൽ രാത്രി 8 വരെ

ഇരിട്ടി : ഇരിട്ടി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ് . ഇരിട്ടി പാലത്തിലൂടെ രാവിലെ 8 മുതല്‍ രാത്രി എട്ട് വരെ ചെങ്കല്‍ , ചരക്ക് ലോറികൾക്കാണ് ഗതാഗത നിയന്ത്രണം. കഴിഞ്ഞദിവസം ഇരിട്ടി പട്ടണത്തിലെ നാഥനില്ലാത്ത അവസ്ഥയെക്കുറിച്ച് വാർത്ത വന്നതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

നഗരത്തിലെ റോഡ് വികസന പ്രവര്‍ത്തികള്‍ പൂര്‍ണമാകുന്നത് വരെ ചെങ്കല്‍ ലോറികളും , ടിപ്പറുകളും മറ്റു വലിയ ചരക്കു വാഹനങ്ങളും സമാന്തര റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് ഇരിട്ടി സി ഐ രാജീവൻ വലിയ വളപ്പിൽ പറഞ്ഞു. .

തലേശേരി വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടു മാസത്തിലേറെയായി നഗരത്തില്‍ റോഡ് വികസന പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കയാണ്. തുടക്കത്തില്‍ അതിവേഗം പുരോഗമിച്ച പ്രവര്‍ത്തി പലകാരണങ്ങള്‍കൊണ്ട് മന്ദഗതിയിലാണ്. ഇത് വേഗത്തിലാക്കാനും നഗരത്തില്‍ എത്തുന്ന ജനങ്ങളും കച്ചവടക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും ശ്രമം നടത്തേണ്ടവര്‍ മൗനത്തിലാണ്.. നഗരത്തിലെ റോഡ് മുഴുവന്‍ പൊളിച്ചിട്ട് മധ്യത്തിലൂടെ റോഡ് ടാര്‍ചെയ്‌തെങ്കിലും മറ്റു പ്രവര്‍ത്തികള്‍ നടക്കുന്നില്ല.

. നഗരത്തില്‍ ഇപ്പോള്‍ റോഡിനു കുറുകെയുള്ള രണ്ടു കലുങ്കുകളുടെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു .. ഈ ഭാഗങ്ങളില്‍ ഇടുങ്ങിയ റോഡിലൂടെ വേണം ഇരു വശത്തേക്കുമുള്ള വാഹങ്ങള്‍ കടന്നു പോകാന്‍. ഇതുമൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഏറിയപങ്കും വഹിക്കുന്നത് ചെങ്കൽ ലോറികളും , ചരക്കുവാഹനങ്ങളും ഇരിട്ടി പാലം കടന്ന് ടൗണിലൂടെ പോകുമ്പോഴാണ്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം വാർത്തയിൽ ഉൾപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ചെങ്കൽ ലോറികൾക്കും ചരക്കുവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അതോടൊപ്പം ക്രഷർ ഉൽപ്പന്നങ്ങൾ ഇറക്കി തിരിച്ചുപോകുന്ന ടോറസ് വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: