സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

പൊറോറയില്‍ കാവാളം ലക്ഷ്മിക്ക് മട്ടന്നൂര്‍ കുടുംബശ്രീ സി ഡി എസ് നിര്‍മിച്ച് നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. നാടിനാകെ മാതൃകയാവുന്ന പ്രവര്‍ത്തനമാണിതെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ വനിതാ നിര്‍മ്മാണ യൂണിറ്റാണ് സ്നേഹവീട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണ യൂനിറ്റിനുള്ള യൂണിഫോം, നിര്‍മ്മാണ കിറ്റ്, ഐഡന്റിറ്റി കാര്‍ഡ്,  സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും ചടങ്ങില്‍ നടന്നു. 

3.75 ലക്ഷം രൂപ ഉപയോഗിച്ചാണ് വനിത നിര്‍മ്മാണ യൂണിറ്റ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇവര്‍ വീട് നിര്‍മ്മാണത്തിവശ്യമായ തുകയും കട്ട്‌ല, ജനല്‍ ഉള്‍പ്പെടെയുള്ളവയും സ്വരൂപിച്ചിരിക്കുന്നത്.   ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സാത്താണ് വനിതാ യൂണിറ്റിന് പരിശീലനം നല്‍കിയത്. 

മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കണ്ണൂര്‍ ഡി എം സി ഡോ. സുര്‍ജിത്ത്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി രേഖ,  മട്ടന്നൂര്‍ സി ഡി എസ് സെക്രട്ടറി കെ പി രമേഷ് ബാബു,  എക്സാത്ത് പ്രതിനിധി കെ എസ് അനിയന്‍ കുഞ്ഞ്, നഗരസഭ സ്ഥിരം സമിതി  അധ്യക്ഷന്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: