‘മനുഷ്യരാശിയുടെ നിലനിൽപിന് തേനീച്ചകൾ അനിവാര്യം’; പ്രഥമ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് സമാപിച്ചു.

പ്രകൃതിയുടെ നിലനിൽപിന്റെ ആശങ്കകളുമായി കുട്ടികൾ. തേനീച്ച മുതൽ ഉപഗ്രഹങ്ങൾ വരെ ചോദ്യങ്ങൾ. മറുപടികളുമായി ശാസ്ത്രജ്ഞരും. തതലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രഥമ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് നടന്ന കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസായിരുന്നു വേദി. മനുഷ്യരാശിയുടെ നിലനിൽപിന് തേനീച്ചകൾ അനിവാര്യമാണ്. ചെടികളുടെ പരാഗണത്തിന് തേനീച്ചകളുടെ പങ്ക് പരമപ്രധാനവും. ഇവയുടെ അഭാവം ഭൂമിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കുമെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രൊഫ.ഇ കുഞ്ഞികൃഷ്ണൻ പറഞ്ഞു.  ഉപഗ്രഹങ്ങളിൽ കാലഹരണപ്പെട്ടവ ഭൂമിക്ക് ഭീഷണിയാകുന്നുണ്ടോയെന്നായിരുന്നു മറ്റൊരു സംശയം. ആ ഭീഷണി ഒഴിവാക്കാനുള്ള പഠനം ശാസ്ത്രജ്ഞർ ആരംഭിച്ചിരിക്കുന്നുവെന്നും കാലഹരണപ്പെട്ടവ തിരിച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും മറുപടി ലഭിച്ചു. ജൈവ ശാസത്രജ്ഞരായ ഡോ.വി എസ് വിജയൻ, ഡോ ആർ ഹരികുമാർ, ഡോ.എം ഷാനിത്, പ്രൊഫ.ഇ കുഞ്ഞികൃഷൻ എന്നിവരാണ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 

കാലവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനും എന്ന വിഷയത്തിൽ നടന്ന കോൺഗ്രസിൽ പ്രളയാനന്തര ജൈവവൈവിധ്യം എന്ന വിഷയത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി പ്രൊജക്ട് അവതരണം നടന്നു. ജില്ലാ തലത്തിൽ സമ്മാനാർഹരായ  പ്രൊജക്ടുകളുടെ അവതരണത്തിൽ പ്രളയാനന്തര കേരളത്തിലെ ജൈവവൈവിധ്യത്തിന്റെ പുനർനിർമ്മിതിക്കായുള്ള ആശയങ്ങളും ആശങ്കകളും കുട്ടികൾ പങ്കുവച്ചു. 

ഇനിയൊരു പ്രളയത്തെ നേരിടുന്നതിനായുള്ള മുൻകരുതലുകളും  അപകടസാധ്യതയുള്ള സ്ഥലങ്ങളുടെയടക്കം വിവരശേഖരങ്ങളും പ്രൊജക്ടിന്റെ ഭാഗമായി. ഓരോ പ്രദേശത്തുള്ളവരുടെയും പ്രായം, നീന്തൽ പരിജ്ഞാനം, ശാരീരികക്ഷമത ഉൾപ്പെടെയുള്ള വിവരങ്ങളും കുട്ടികൾ ശേഖരിച്ചിരുന്നു. ചിത്രശലഭങ്ങളെക്കുറിച്ചുള്ള പഠനങ്ങളും, ആനപ്പിണ്ടിയിൽ നിന്ന് വളം ഉൽപാദനവും അത് മണ്ണിൽ ഉണ്ടാക്കുന്ന ഗുണഫലങ്ങളും അവതരിപ്പിച്ചു.  ജൂനിയർ വിഭാഗത്തിൽ അധീന എച്ച് ദാസ്, ഐശ്വര്യ രാജ്-എസ്എൻഎം എച്ച് എസ് പുറക്കാട്, ആലപ്പുഴ, പി എം സനുഫിയ, എസ് ആര്യ-ഗാന്ധി സ്മാരക യുപി സ്‌കൂൾ മംഗലം, പാലക്കാട്, ജോ ഷിബു ജോസഫ്, നന്ദൻ കൃഷ്ണ-സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പേരാമ്പ്ര എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ടി ടി അളക, ഇ കെ അധീന -കെ എൻ എച്ച് എസ് എസ് കരിയാട് സൗത്ത്, നന്ദു കൃഷ്ണ, ഹേമന്ദ് -മാർത്തോമ എച്ച് എസ് എസ് പത്തനംതിട്ട, എ വി ദിവേത്, എം പി അശ്വിൻ  -എ കെ എൻ എം എം എ എം എച്ച് എസ് എസ് കാട്ടുകുളം, പാലക്കാട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മൂന്ന് ദിവസം നടന്ന ജൈവവൈവിധ്യ കോൺഗ്രസ് കർഷകരുടെ വിത്ത് കൈമാറ്റത്തോടെയാണ് സമാപിച്ചത്. വിവിധ പ്രദേശങ്ങളിലെ കർഷകർ വിത്ത് സഞ്ചികൾ പരസ്പരം കൈമാറി. 

സമാപന സമ്മേളനം കെ കെ രാഗേഷ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി ചെയർമാൻ കെ പി ജയബാലൻ, മെംബർമാരായ അജിത്ത് മാട്ടൂൽ, പി പി ഷാജിർ, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം,  ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എസ് സി ജോഷി, കെ എസ് ബി ബി അംഗങ്ങളായ കെ വി ഗോവിന്ദൻ, കെ ടി ചന്ദ്രമോഹൻ, ഡോ.വി ബാലകൃഷ്ണൻ, കണ്ണൂർ ഡി എഫ് ഒ എം വി ജി ഉണ്ണികൃഷ്ണൻ, തലശ്ശേരി എ എസ് പി ഡോ.അരവിന്ദ് സുകുമാർ, റീജിയണൽ സി സി എഫ് എസ് കാർത്തികേയൻ എന്നിവർ പങ്കെടുത്തു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: