അടച്ചു പൂട്ടാനൊരുങ്ങിയ പെരിങ്ങാനം സ്‌കൂൾ പെരുമയുടെ നെറുകയിൽ 

 കുട്ടികൾ കുറവായതിന്റെ പേരിൽ  അടച്ചുപൂട്ടാനൊരുങ്ങിയ പെരിങ്ങാനം ഗവ. എൽ പി സ്‌കൂളിന് ഇന്ന് പറയാനുള്ളത് ഒരുപിടി നേട്ടങ്ങളുടെയും കൂട്ടായ്മയിലൂടെ നേടിയ വിജയത്തിന്റെയും പെരുമയാണ്. എസ് സി ഇ ആർ ടി  കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ നിന്നും ഡോക്യുമെന്റ് ചെയ്ത രണ്ട് സ്‌കൂളുകളിൽ ഒന്ന് പെരിങ്ങാനം ആയിരുന്നു.

 2002 ൽ  പെരിങ്ങാനം എൽ പി സ്‌കൂൾ അടച്ചുപൂട്ടാൻ  തീരുമാനിക്കുമ്പോൾ 18 കുട്ടികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ  തീരുമാനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ  നിരവധി സമര പരിപാടികൾ നടത്തുകയും സംരക്ഷണ സമിതി രൂപീകരിച്ച് സ്‌കൂൾ സംരക്ഷണ ശൃഖല തീർക്കുകയും ചെയ്തു.  തുടർന്ന് നടന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ എണ്ണത്തിൽ വലിയ വലിയ വർധനവുണ്ടായി. 2018-19 വർഷം  എൽ കെ ജി,  യു കെ ജി ക്ലാസുകളിലെ 29 കുട്ടികളടക്കം 77 വിദ്യാർഥികളാണ് സ്‌കൂളിലുള്ളത്. 2016-17 വർഷത്തിലാണ് സ്‌കൂളിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. രക്ഷാകർതൃ ശാക്തീകരണത്തിലൂടെ എങ്ങനെ വിദ്യാലയത്തിന്റെ മുഖച്ഛായ മാറ്റാം എന്ന് പ്രാവൃത്തിയിലൂടെ കണിച്ചിരിക്കുകയാണ് ഈ സ്‌കൂളും ഇവിടുത്തെ നാട്ടുകാരും. 

നഗരത്തിൽ നിന്ന് ഏറെ മാറി വലിയൊരു കുന്നിന് മുകളിലാണ് സ്‌കൂൾ. അതിന് തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ കുട്ടികളെയെങ്കിലും സ്‌കൂളിൽ എത്തിക്കാൻ കഴിയണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇന്ന് വലിയ വിജയത്തിലെത്തി നിൽക്കുന്നത്. ഗതാഗത സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് സ്‌കൂളിൽ എത്തിപ്പെടാൻ സാധിക്കുന്നില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ പെരിങ്ങാനം സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സർവീസ് നടത്തുന്ന ജനകീയ ബസ് ഏഴ് എട്ട് വർഷത്തോളമായി കുട്ടികൾക്ക് സൗജന്യ സേവനം നൽകി വരുന്നു. എല്ലാ ദിവസവും പ്രത്യേകിച്ച് സ്‌കൂൾ സമയങ്ങളിൽ ഈ ബസ് ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. കുട്ടികൾക്ക് സൗജന്യമായും അധ്യാപകരിൽ നിന്നും മറ്റ് നാട്ടുകാരിൽ നിന്നും മിതമായ തുക ഈടാക്കിയുമാണ് ബസ് സർവീസ്. യാത്രാ പ്രശ്‌നത്തിന് പരിഹാരമായതോടെ കുട്ടികളും എണ്ണവും വർധിച്ചു. 

ധാരാളം വാഹനങ്ങളും കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്‌കൂളുകൾ തൊട്ടടുത്ത പ്രദേശങ്ങളിലുള്ളപ്പോഴാണ് ഈ സർക്കാർ സ്‌കൂളിലേക്ക് ഇത്രയും കുട്ടികൾ എത്തുന്നത്. സ്‌കൂളുകൾ നടത്തുന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളും ഇതിന് വലിയൊരളവ് വരെ കാരണമായിട്ടുണ്ട്. കുട്ടികളുടെ ഭാവനയും ചിന്താശേഷിയും കരകൗശല കലാവിരുതും പൊതുവിജ്ഞാനവും വർധിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ സംഘടിപ്പിക്കുന്നത്. എന്റെ മാസിക, സ്റ്റാമ്പ് കലക്ഷൻ, പ്രഥമ ശുശ്രൂഷ കിറ്റ്, പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ പരീക്ഷണങ്ങൾ എന്ന പേരിൽ എന്റെ സയൻസ് കിറ്റ്, കുട്ടികൾ സ്വയം ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടുത്തി എന്റെ ഗണിത കിറ്റ്, സ്വന്തമായി ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങളുമായി കളിപ്പാട്ട കിറ്റ് എന്നിവ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും നിർബന്ധമാക്കിയിട്ടുണ്ട.് കൂടാതെ എല്ലാ പ്രത്യേക ദിനങ്ങളിലും തയ്യാറാക്കി പ്രദർശിപ്പിക്കുന്ന ബാഡ്ജിലൂടെ പൊതു വിജ്ഞാനം, മൊബൈൽ ഔഷധ തോട്ടം, പിറന്നാൾ ദിനത്തിൽ കുട്ടികൾക്ക് സ്‌കൂളിന് പുസ്തകം സംഭാവന ചെയ്യുന്നതിന് പുസ്തക തൊട്ടിൽ തുടങ്ങിയവയും ഇവിടെ നടപ്പാക്കുന്നു. 

രക്ഷിതാക്കൾക്ക് വേണ്ടിയും സ്‌കൂളിൽ നിരവധി മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. മക്കളെ മിടുക്കരാക്കാം എന്ന പേരിൽ നടത്തിയ ലേഖന മത്സരം, പാചക മത്സരം, വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒരുമിച്ചുള്ള പഠന യാത്രകളും ഫീൽഡ് ട്രിപ്പുകളും എന്നിവ ഇതിൽപ്പെടുന്നു. സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി എട്ടേ കാൽ സെന്റ് സ്ഥലമാണ് പിടിഎയും നാട്ടുകാരും ചേർന്ന് സ്‌കൂളിന് വാങ്ങി നൽകിയത്. ഈ സ്ഥലത്തുണ്ടായിരുന്ന കെട്ടിടത്തിൽ പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പുരാവസ്തുക്കൾ ഉപയോഗിച്ച് പെരിങ്ങാനം പൈതൃകം എന്ന പേരിൽ മ്യൂസിയവും തയ്യാറാക്കിയിട്ടുണ്ട്. 

ഇരിട്ടി സബ്ജില്ലാ തലത്തിൽ മികച്ച് പി ടി എയ്ക്കുള്ള അവർഡ്, കേരള സ്റ്റേറ്റ് പേരന്റ് ടീച്ചേർസ് അസോസിയേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം, മികച്ച അധ്യാപകനുള്ള പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം, പ്രധാനധ്യാപകന് ആർച്ച് ബിഷപ്പ് ബെർണഡീൻ ബച്ചിനെല്ലി അധ്യാപക പുരസ്‌കാരം തുടങ്ങിയവയും ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 

 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: