വളപ്പ് മത്സ്യകൃഷിക്ക് ജില്ലയിൽ തുടക്കമായി

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെൻകൾച്ചർ) ജില്ലയിൽ തുടക്കമായി. കുന്നരു പുഴയിൽ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു നവീന മത്സ്യകൃഷി നടപ്പാക്കുന്നത്. ജില്ലയിലെ കുഞ്ഞിമംഗലം, രാമന്തളി എന്നീ പഞ്ചായത്തുകളിലാണ് കുന്നരു പുഴ.  ഒരു മീറ്റർ മുതൽ ഒന്നര മീറ്റർവരെ താഴ്ച്ചയുള്ള ജലാശയങ്ങളിലാണ് കൃഷിയ്ക്കായി തെരഞ്ഞെടുക്കുന്നത്. മുളംകുറ്റികളും വലകളും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ സാഹചര്യത്തിൽ ജലാശയത്തിൽ വളച്ച്‌കെട്ടി ഗുണമേന്മയേറിയ കാളാഞ്ചി, കരിമീൻ വിത്ത് നിക്ഷേപിക്കുകയും ഏകദേശം ഏഴ് മുതൽ എട്ട് മാസം വരെ വളർച്ച എത്തുമ്പോൾ വിളവെടുക്കുകയും ചെയ്യുന്നതാണ് കൃഷി രീതി. വിളവെടുപ്പ് സമയത്ത് മത്സ്യത്തിന് ഒരു കിലോയോളം വളർച്ചയുണ്ടാകും. പാറോംതുരുത്തിൽ നാല് കർഷക ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 60 ശതമാനം ഗുണഭോക്തൃ വിഹിതവും 40 ശതമാനം സബ്‌സിഡിയുമായാണ് വളപ്പ്കൃഷി നടപ്പിലാക്കുന്നത്. 

വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവിന്ദൻ, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ അജിത, രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം ടി ജനാർധനൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ,  അഡ്‌കോസ് പ്രസിഡണ്ട് ടി പുരുഷോത്തമൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: