പുരസ്‌കാര നിറവിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ്  

ജില്ലയിൽ നടപ്പിലാക്കിയ നൂതനങ്ങളായ വിവിധ പദ്ധതികളാണ് ജില്ലാ കലക്ടറുടെ റിപ്പബ്ലിക്ദിന അവാർഡിന് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിനെ അർഹമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഗ്രാമതലത്തിൽ സർക്കാർ സഹായ പദ്ധതികൾ അറിയാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മുന്നോട്ടുവെച്ച ‘പി.ആർ.ഡി സഹായ കേന്ദ്രം’ എന്ന പദ്ധതി ശ്രദ്ധേയമായിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 57 വായനശാലകളിലാണ് ആദ്യ ഘട്ടത്തിൽ ഈ പരിപാടി ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വായനശാലകളിൽ സർക്കാർ സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ വായനശാലകൾക്ക് ആവശ്യമായ കൈപ്പുസ്തകങ്ങൾ നൽകി. ഒരു ദിവസത്തെ പരിശീലനവും ഇതിനകം നൽകി കഴിഞ്ഞു. പ്രത്യേക ഇ മെയിൽ ഗ്രൂപ്പ് ഉണ്ടാക്കി എല്ലാ ദിവസവും പിആർഡി വഴി നൽകുന്ന ധനസഹായ, വിദ്യാഭ്യാസ, തൊഴിൽ അറിയിപ്പുകൾ ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. ജില്ലയിലെ മുഴുവൻ വായനശാലകളെയും ഉൾപ്പെടുത്തി കൂടുതൽ വിപുലമായ രീതിയിൽ ഈ പ്രവർത്തനം ഭാവിയിൽ നടത്താനാണ് ആലോചിക്കുന്നത്. 

സർക്കാരിന്റെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വഴി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ, ധനസഹായം, വിദ്യാഭ്യാസ-ചികിത്സാ സ്‌കീമുകൾ എന്നിവയെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന കൈപ്പുസ്തകം-പിആർഡി സഹായി കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.

സംസ്ഥാന സർക്കാരിന്റെ 100 ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജലസംരക്ഷണ ശിൽപശാലയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകൾ, ഒൻപത് നഗരസഭകൾ, കണ്ണൂർ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ജലക്ഷാമവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഏറെ പ്രയോജനകരമായിരുന്നു. ഓരോ തദ്ദേശസ്ഥാപനപരിധിയിലും കുടിവെള്ള പ്രശ്‌നം നേരിടുന്ന വാർഡുകൾ, ഇത് ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, ഉപ്പുവെള്ള പ്രശ്‌നമുള്ള വാർഡുകൾ, ബാധിക്കുന്ന കുടുംബങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് നേരിട്ട് ശേഖരിച്ചത്. ജില്ലയിൽ ആകെ ഒരു ലക്ഷത്തോളം പേർ കുടിവെള്ളക്ഷാമം നേരിടുന്നതായാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യക്തമായത്. മുഖ്യമന്ത്രിക്ക് ഈ റിപ്പോർട്ട് കൈമാറുകയുണ്ടായി.

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ ജലസംരക്ഷണം, മാലിന്യ നിർമാർജനം, ആരോഗ്യ-ശുചിത്വ പ്രവർത്തനം എന്നീ മേഖലകളിൽ മികവാർന്ന മാതൃകകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന മന്ത്രിസഭാ വാർഷികത്തിന്റെ ഭാഗമായി ഹരിത കേരളം പവലിയനും ഹരിത കേരളം പുരസ്‌ക്കാരവും സംഘടിപ്പിച്ചു. മാലിന്യ സംസ്‌ക്കരണ മാർഗങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും അവബോധമുണ്ടാക്കാനും മാലിന്യ സംസ്‌ക്കരണ മാതൃകകളെ പരിചയപ്പെടുത്താനുമായി ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം-എക്‌സിബിഷൻ ഏറെ ശ്രദ്ധ നേടിയ പരിപാടിയായിരുന്നു. 

കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജനിൽനിന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ പുരസ്‌കാരം ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: