അണ്ടല്ലൂർ കാവ് തീർഥാടന സമുച്ചയം,  തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രം ഉദ്ഘാടനം ചെയ്തു  

0

ഉത്തരവാദിത്ത ടൂറിസത്തിനായി തെയ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

തെയ്യത്തിന്റെ സാംസ്‌കാരികവും കലാപരവുമായ സാധ്യതകളെ മനസ്സിലാക്കുന്നതിനും ഇത് ഉപയോഗിച്ച് വിനോദ സഞ്ചാര രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം പഞ്ചായത്തിൽ ടൂറിസം വകുപ്പ്  മൂന്ന് കോടി 65 ലക്ഷം രൂപ ചെലവിൽ പണി കഴിപ്പിച്ച അണ്ടല്ലൂർ കാവ് തീർഥാടന സമുച്ചയം, തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ  നമ്മുടെ നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ടൂറിസ്റ്റുകൾക്ക് അടുത്തറിയാൻ സാധിക്കും. അതോടൊപ്പം കലാകാരൻമാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും കഴിയും.

ചരിത്രത്തിൽനിന്നും സംസ്‌കാരത്തിൽനിന്നും ഉണർന്നുവന്ന കഥാപാത്രങ്ങളാണ് തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അടിച്ചമർത്തലിന്റെ കാലത്ത് അതിനെതിരായി നടന്ന പോരാട്ടത്തിന്റെ, ധീരതയുടെ പ്രതീകങ്ങളാണ് തെയ്യങ്ങൾ. വീരോചിതമായി ജീവിച്ചവരോട് സമൂഹത്തിന് എന്നും വലിയ ആരാധന ഉണ്ടായിട്ടുണ്ട്. അത്തരം കഥാപാത്രങ്ങളെ ദൈവങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കാൻ സമൂഹം സന്നദ്ധമായിട്ടുണ്ട്. നമ്മുടെ നാട്ടിൽത്തന്നെ ജീവിച്ചുമരിച്ചവർ ഇത്തരം കലാരൂപങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. കലാപത്തിന്റെ കനൽ നീറിനിൽക്കുന്ന കലാരൂപങ്ങളാണ് തെയ്യങ്ങൾ. നീതി നിഷേധിക്കുന്ന വ്യവസ്ഥിതിക്കെതിരായ പോരാട്ടത്തിന്റെ കനൽ ജ്വലിപ്പിച്ചുനിർത്താൻ കഴിയുന്നു എന്നതു തന്നെയാണ് തെയ്യത്തിന്റെസമകാലീന പ്രസക്തി. പൊട്ടൻ തെയ്യം ശങ്കരാചാര്യരുമായുള്ള സംവാദത്തിൽ ചോദിച്ച ‘എന്നെ കൊത്തിയാലും നിങ്ങളെ കൊത്തിയാലും ചോരയല്ലേ’ എന്ന ചോദ്യം അയിത്തത്തിന് എതിരായ, മാറിനിൽക്കണം എന്നതിന് എതിരായ ചോദ്യമായിരുന്നു. ദ്രാവിഡ സ്വഭാവമുള്ള ഈ കലാരൂപം അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാൻ വലിയ ഗവേഷണം ആവശ്യമാണ്. 

ലോൺലി പ്ലാനറ്റ് മാസിക കുടുംബങ്ങൾക്ക് പറ്റിയ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. കേരളത്തിന്റെ സാമൂഹ്യസ്ഥിതി, സാമൂഹ്യപരിരക്ഷ, ക്രമസമാധാനത്തിന്റെ മെച്ചം ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണിത്. ഏഷ്യയിൽ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മൂന്നാമതായാണ് മലബാറിനെ ലോൺലി പ്ലാനറ്റ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടുത്തെ ടൂറിസം സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താനായാണ് കണ്ണൂർ, കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പുത്തൻ മാതൃകയാണ് അണ്ടല്ലൂർ കാവിൽ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 2017 നവംബർ മാസത്തിലാണ് ഈ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയത്. 14 മാസത്തിനിപ്പുറം നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

പി.കെ. ശ്രീമതി ടീച്ചർ എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ വാസു മാസ്റ്റർ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ബേബി സരോജം, ജില്ലാ പഞ്ചായത്തംഗം പി. വിനീത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പി. സീമ, ധർമ്മടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ, മലബാർ ദേവസ്വം ബോർഡ് കമീഷണർ കെ. മുരളി, ടൂറിസം ജോയിൻറ് ഡയറക്ടർ സി.എൻ അനിതകുമാരി, മലബാർ ദേവസ്വം ബോർഡ്  തലശ്ശേരി ഏരിയ കമ്മിറ്റി ചെയർമാൻ വേലാണ്ടി രാജൻ, ഊരാളൻമാരായ പനോളി മുകുന്ദൻ, തട്ടാലിയത്ത് ഗിരീശൻ, വളപ്പിൽ ഭാസ്‌കരൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ചാലാടൻ വിജയൻ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പ്രസിഡൻറ് അഡ്വ. ആലക്കാടൻ ഗിരീശൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, യു.എൽ.സി.സി.എസ് ചെയർമാൻ പി. രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading