പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തെ  സ്‌പെഷാലിറ്റി ആശുപത്രിയായി ഉയർത്തി

സമഗ്ര ആരോഗ്യനയം മന്ത്രിസഭ അംഗീകരിച്ചു: മുഖ്യമന്ത്രി

സംസ്ഥാനത്തിന് സമഗ്രമായ ആരോഗ്യനയം മന്ത്രിസഭ അംഗീകരിച്ചതായും ആരോഗ്യരംഗത്ത് ദീർഘകാല, ഹ്രസ്വകാല ലക്ഷ്യങ്ങൾ അതിൽ ആവിഷ്‌ക്കരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തെ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയർത്തിയ പ്രഖ്യാപനവും ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ചികിത്സാ ചെലവ് മൂലം ചികിത്സിക്കാൻ വഴിയില്ലാതെ മരണമടയേണ്ടി വരുന്നവർ നമ്മുടെ നാട്ടിലുണ്ട്. പണമില്ലാത്തതു മൂലം ചികിത്സിക്കാൻ കഴിയില്ലെന്ന ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കാൻ പോവുന്നത്. രോഗം ആദ്യഘട്ടത്തിൽതന്നെ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധനാ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ പൂർണമായി പരിഹരിക്കാൻ ഇതിലൂടെ കഴിയും. ഒരു ഘട്ടം കഴിഞ്ഞതാണെങ്കിൽ തുടർ ചികിത്സക്ക് സൗകര്യം ഏർപ്പെടുത്താനും ഇതിലൂടെ കഴിയും. ജീവിതശൈലീ നിർണ്ണയത്തിനായി ജനസംഖ്യാ ജീവിത ശൈലീ നിർണ്ണയ പരിപാടി നാം ആരംഭിച്ചിട്ടുണ്ട്. വൃക്കരോഗികൾക്കായുള്ള കണ്ടിന്യുവസ് ആംബുലേറ്ററി പെരിറ്റോണിയൽ ഡയാലിസിസ് ക്ലിനിക്കുകൾ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷാഘാത ചികിത്സാ പദ്ധതി, നയനാമൃതം പദ്ധതി തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പി മുഖ്യാതിഥിയായി. മോഡുലാർ കൺസെപ്റ്റ്‌സ് ജി.എം.ഡി മനോജ് ധർമ്മൻ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ, ജില്ലാ പഞ്ചായത്തംഗം പി. വിനീത, തലശ്ശേരി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ പ്രദീപ് പുതുക്കുടി, പിണറായി ഗ്രാമപഞ്ചായത്തംഗം കെ.പി. അസ് ലം, നാഷനൽ ഹെൽത്ത് മിഷൻ കണ്ണൂർ ഡി പി എം ഡോ. കെ.വി. ലതീഷ്, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, എ. പ്രഭാകരൻ, വി.എ. നാരായണൻ, കെ. ശശിധരൻ, എൻ.പി. താഹിർ, പിണറായി സി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. വി.പി. ഷൈന എന്നിവർ സംസാരിച്ചു. 

പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങൾ ഉൾപ്പെടെ അഞ്ചു നില കെട്ടിടം സി.എസ് ആർ ഫണ്ട് പെയോഗിച്ച് നൽകുന്നത് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബി ആർ ഷെട്ടിയുടെ ബി ആർ എസ് ഗ്രൂപ്പാണ്.  അത്യാഹിത വിഭാഗം, 10 കിടക്കകളുള്ള ഡയാലിസിസ് കെയർ യൂനിറ്റ്, നേത്രരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, ശിശുരോഗ വിഭാഗം, നവീകരിച്ച ലാബ്, എക്‌സ്‌റേ, ബ്ലഡ് ബാങ്ക്, അൾട്രാസൗണ്ട് സ്‌കാനിംഗ് എന്നിവ ആദ്യഘട്ടത്തിൽത്തന്നെ ഒരുക്കും. രാത്രി എട്ടു മണിവരെയുള്ള ഒ.പി പ്രവർത്തനം ഇപ്പോൾ ആശുപത്രിയിലുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: