കണ്ണൂർ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സ ലഭിക്കാതെ ട്രെയിനില്‍ മരിച്ചു.

കണ്ണൂര്‍: ഹൃദ്രോഗിയായ ഒരു വയസ്സുകാരി ചികിത്സ ലഭിക്കാതെ ട്രെയിനില്‍ മരിച്ചു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരംതിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം.
കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. കണ്ണൂരില്‍നിന്നു കയറി, കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും പനി കൂടി കുട്ടി തളര്‍ന്നുപോവുകയായിരുന്നു. കുറ്റിപ്പുറത്തിനടുത്തു യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുമ്പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും ജനറല്‍ ടിക്കറ്റാണു ലഭിച്ചത്. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇറക്കിവിടുകയായിരുന്നെന്നു പറയുന്നു. ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി. കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ കുറ്റിപ്പുറത്തിനടുത്തു ചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: