ഗ്രാമീണ്‍ ബാങ്ക് സമരം ഒത്തുതീര്‍പ്പായി

കണ്ണൂർ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 11 മുതല്‍ ഗ്രാമീണ്‍ ബാങ്കില്‍ നടന്നു വന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്, തൊഴിലും നൈപുണ്യവുംമന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലേബര്‍ കമ്മീഷണര്‍(ഇന്‍ ചാര്‍ജ്ജ്) എസ്.തുളസീധരന്‍, ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ നാഗേഷ് ജി.വൈദ്യ എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ഉണ്ടായത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം 2016-ല്‍ കണ്ടെത്തിയിരുന്ന 329 തസ്തികകള്‍ പുനരവലോകനത്തിന് വിധേയമാക്കുന്നതിനും ഇത് ബോര്‍ഡിനു മുന്നില്‍ വയ്ക്കുന്നതിനും തീരുമാനമായി. തസ്തികകള്‍ സംബന്ധിച്ച പ്രൊപ്പോസല്‍ മൂന്നുമാസത്തിനുള്ളില്‍ തയാറാക്കി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന് അംഗീകാരത്തിനായി സമര്‍പ്പിക്കും. തസ്തികകളിലേക്ക് ആളെ നിയമിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ബോര്‍ഡ് തീരുമാനിക്കും.
യോഗത്തില്‍ മാനേജ്‌മെന്റിനെ പ്രതിനിധികരിച്ച് ചെയര്‍മാനുപുറമേ ജനറല്‍ മാനേജര്‍(എച്ച്.ആര്‍) ഗോവിന്ദ് ഹരി നാരായണന്‍, ജനറല്‍ മാനേജര്‍ എസ്.പവിത്രന്‍ എന്നിവരും തൊഴിലാളി യൂണിയനുകള്‍ക്കുവേണ്ടി കെജിബിഒയു പ്രസിഡന്റ് പി.ഗണേശന്‍, ജനറല്‍ സെക്രട്ടറി കെ.പ്രകാശന്‍, കെജിബിഇയു പ്രസിഡന്റ് ഗണേശന്‍ പുത്തലത്ത് , ജനറല്‍ സെക്രട്ടരി സി.മിഥുന്‍, ബെഫി കേരളാ പ്രസിഡന്റ് ജി.നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍,എഐആര്‍ആര്‍ബിഇഎ പ്രസിഡന്റ് സി.രാജീവന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: