പയ്യന്നൂർ ഫുഡ് ഫിലിം ഫെസ്റ്റിവലിന് ഇന്ന‌് തുടക്കം

പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഭക്ഷണം പ്രമേയമായ സിനിമകളുടെ ചലച്ചിത്രമേളക്ക് വ്യാഴാഴ‌്ച പയ്യന്നൂർ ഗാന്ധിപാർക്കിൽ തുടക്കമാവും. തനത് രുചികളുടെയും ഭക്ഷണസംസ്കാരത്തിന്റെയും ചേരുവകളുമായി എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാല് സിനിമകളാണ് 30 വരെ നീളുന്ന ഫുഡ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. മധ്യവർഗ കുടുംബത്തിന്റെ ഉയർച്ച താഴ്ചകളെ ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വിളമ്പുന്നതിന്റെയും വ്യത്യാസങ്ങളിലൂടെ സൂക്ഷ്മമായി പകർത്തുന്ന വിയറ്റ്നാമീസ് ചലച്ചിത്രകാവ്യമായ ‘പച്ച പപ്പായയുടെ മണം’ ആണ് മേളയുടെ ഉദ്ഘാടന സിനിമ. രണ്ടാം ദിവസം ഇറാൻ സിനിമയായ ‘എ ക്യൂബ് ഓഫ് ഷുഗർ ‘ പ്രദർശിപ്പിക്കും. ശനിയാഴ്ച ചൈനീസ് വിഭവങ്ങളുടെ പാചകകലയിൽ അഗ്രഗണ്യനായ ചു എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്റെ മൂന്നു പെണ്മക്കളുടെയും കഥ പറയുന്ന ചൈനീസ് ചിത്രമായ ഈറ്റ് ഡ്രിങ്ക് മാൻ വുമൺ ആണ് പ്രദർശിപ്പിക്കുക. അവസാനദിനം പ്രദർശിപ്പിക്കുന്ന ബബെറ്റ്സ് ഫീസ്റ്റ് ഓസ്കാറിലും കാനിലും അടക്കം ലോകത്തെ പ്രധാന ചലച്ചിത്ര പുരസ്കാരങ്ങളെല്ലാം നേടിയ ക്ലാസ്സിക് ചലച്ചിത്രമാണ്. മലയാളം ഉപശീർഷകങ്ങളോടെയാണ് എല്ലാ സിനിമകളും പ്രദർശിപ്പിക്കുക. വൈകിട്ട‌്മു ആറു മുതലാണ്‌ പ്രദർശനം.
ജനുവരി 24 മുതൽ പയ്യന്നൂരിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ റജിസ്ട്രേഷന്റെ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: