ജില്ലയിൽ പണിമുടക്ക് ഹർത്താലായി മാറി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടന്ന ദേശീയ പണിമുടക്ക് ജില്ലയിൽ മിക്കവാറും പൂർണമായിരുന്നു. ബി.എം.എസ്. ഒഴികെയുള്ള 22 തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു. കോവിഡ് കാരണം പൊതുവെ മങ്ങിയിരുന്ന വാണിജ്യ-വ്യാപാരമേഖല തീർത്തും നിശ്ചലമായി. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാൽ റോഡുകൾ വിജനമായിരുന്നു. കളക്ടറേറ്റിന്റെയും മറ്റ് സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിച്ചു. 16000 ഓളം വരുന്ന സർക്കാർ ജീവനക്കാരിൽ 90 ശതമാനത്തിലേറെപ്പേർ സമരത്തിൽ പങ്കെടുത്തതായി നേതാക്കൾ അറിയിച്ചു.
തൊഴിലാളികൾ 250 കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ജില്ലാ ആസ്ഥാനത്ത് സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. സി.ഐ.ടി.യു. സംസ്ഥാന സമിതിയംഗവും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ അധ്യക്ഷനായി. കെ.കെ. രാഗേഷ് എം.പി., വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ താവം ബാലകൃഷ്ണൻ, ടി.കെ. രാജേഷ്, കെ.പി. റഫീഖ്, എം. ഉണ്ണികൃഷ്ണൻ, എം.കെ. ജയരാജൻ, അബ്ദുൾ വഹാബ്, കെ. അശോകൻ എന്നിവർ സംസാരിച്ചു.