തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ വീട്ടിൽ സൂക്ഷിച്ച 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കരിമ്പം കണിച്ചാമിലെ പി ശരത് കുമാറിനെയാണ് (31) ഇന്നലെ രാത്രിയോടെ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും ചേർന്ന് പിടികൂടിയത്. ഇയാൾ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് എന്നും അതിനു വേണ്ടിയാണ് 11 കിലോ ഓളം കഞ്ചാവ് കയ്യിൽ കരുതിയത് എന്നും എക്സൈസ് പറയുന്നു.
തളിപ്പറമ്പ്, കുറുമാത്തൂർ, ചപ്പാരപ്പടവ്, ധർമ്മശാല, പരിയാരം മേഖലകളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന വ്യക്തിയാണ് ഇയാൾ. മാസങ്ങളോളമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മത്സ്യ വില്പന തൊഴിലാളിയായി ജോലി ചെയ്യുന്ന ഇയാൾ മത്സ്യ വില്പനയുടെ മറവിൽ ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന രീതിയാണ് പിന്തുടർന്നുകൊണ്ടിരുന്നത്.
പ്രിവന്റിവ് ഓഫീസർമാരായ എ അസീസ്, ടിവി കമലാക്ഷൻ, സിഇഒ മാരായ ഉല്ലാസ് ജോസ്, ഫെമിൻ, ആരതി, ഡ്രൈവർ ആയ അനിൽകുമാർ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ ശരത് കുമാർ ഇന്ന് തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.