കാട്ടാന പ്രതിരോധത്തിനായി സോളാർ തൂക്കു വേലിയുമായി ജനകീയ കമ്മിറ്റികൾ


ഇരിട്ടി: വന്യമൃഗ ശല്യം രൂക്ഷമായ ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ ജനകീയ കൂട്ടായ്മയിൽ തൂക്കുവേലി നിർമ്മിക്കുന്നതിനായി ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കൊക്കോട് , പെരുമ്പേശ്ശി, പാലപ്പുഴ എന്നിവിടങ്ങളിലാണ് ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങൾ സ്വയം പ്രതിരോധത്തിനായി രംഗത്തെത്തിയത്.
കൊക്കോട് 3 കിലോമീറ്ററിലും പെരുമ്പഴശ്ശിയിൽ 1.5 കിലോമീറ്ററിലും പാലപ്പുഴയിൽ 2.5 കിലോമീറ്ററിലും ആണു സൗരോർജ തൂക്കുവേലികൾ നിർമ്മിക്കുക. നേരത്തേ മഠപ്പുരച്ചാൽ മുതൽ പാലപ്പുഴ വരെ നാട്ടുകാർ സ്ഥാപിച്ച തൂക്കുവേലി മാതൃകയിലാണ് പ്രവർത്തനം.
മറ്റ് പ്രതിരോധ മാർഗ്ഗങ്ങളേക്കാൾ സൗരോർജ്ജ തൂക്കുവേലികൾ കാട്ടാന പ്രതിരോധത്തിനും മറ്റും ഏറെ പ്രയോജനം ചെയ്യന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. നവംബർ പകുതിയോടെ പ്രവൃത്തി പൂർത്തീകരിക്കാനാണു ജനകീയ കമ്മിറ്റികളുടെ ലക്ഷ്യം. 3 കമ്മിറ്റികളും നടത്തുന്ന ശ്രമങ്ങൾ പൂർത്തിയാകുന്നതോടെ അതിർത്തിയിലെ നൂറുകണക്കിനു കുടുംബങ്ങൾ കാട്ടാന ഭീഷണിയിൽ നിന്നു വിമുക്തരാകും.
ആറളം പഞ്ചായത്ത് അംഗം ഷൈൻ ബാബു ചെയർമാനും ടിജോ പന്തപ്പള്ളിയിൽ കൺവീനറും ജോർജ് മുതുകാട്ടിൽ ട്രഷററും ആയ കൊക്കോട് കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 പേരുടെ ശ്രമദാനത്തിലൂടെ 4 മീറ്റർ വീതിയിൽ വേലി വരുന്ന ഭാഗം കാടു വെട്ടിത്തെളിച്ചു. സാധനങ്ങൾ വാങ്ങാൻ 3 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. നാട്ടുകാർ സംഭാവനയായി ആദ്യഗഡു സമാഹരിച്ചു സാധനങ്ങൾക്കു ഓർഡർ നൽകിക്കഴിഞ്ഞു . നവംബർ 10 നു പണി തുടങ്ങാനാണ് 150 അംഗ കമ്മിറ്റിയുടെ തീരുമാനം.
കെ.ഹാഷിർ ചെയർമാനും കെ.വി. ശ്രീഷാജ് കൺവീനറും പി.വി.അനിൽകുമാർ ട്രഷററും ആയ 187 അംഗ പെരുമ്പഴശ്ശി കമ്മിറ്റി അടുത്ത ദിവസം കാടു വെട്ടിത്തെളിക്കും. സാധനങ്ങൾക്കായി 2 ലക്ഷം രൂപയാണ് ഇവർ ചെലവ് പ്രതീക്ഷിക്കുന്നത് .
മുഴക്കുന്ന് പഞ്ചായത്ത് പാല വാർഡ് അംഗം എ.സി. അനീഷ് ചെയർമാനും അയ്യപ്പൻകാവ് വാർഡ് അംഗം ഷെഫീന മുഹമ്മദ് വൈസ് ചെയർമാനും ശ്രീജയൻ ഗുരുക്കൾ കൺവീനറും കെ.പി.പ്രഭാകരൻ ട്രഷററും ആയി 40 അംഗ കമ്മിറ്റിയാണു പ്രവർത്തിക്കുന്നത്. ഒരു കിലോമീറ്റർ ദൂരം ശ്രമദാനത്തിലൂടെ കാട് വെട്ടിത്തെളിച്ചു. 4 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. 2 ലക്ഷം രൂപ ആദ്യ ഗഡു ജനങ്ങളിൽ നിന്നു സമാഹരിച്ചു സാധനങ്ങൾക്കു ഓർഡർ നൽകി. ഒരു മാസത്തിനകം പ്രവർത്തി പൂർത്തീകരിക്കും.
പാലപ്പുഴ വരെ നേരത്തേ മഠപ്പുരച്ചാൽ കേന്ദ്രമായ കൂട്ടായ്മ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടു ചേർന്നാണു പാലപ്പുഴ കമ്മിറ്റിയുടെ വേലി തുടങ്ങുക. കാപ്പുംകടവിനു സമീപം കളരിക്കു താഴെ പുഴയ്ക്കു കുറുകെ വഴി കൊക്കോട് കമ്മിറ്റിയുടെ വേലിയുമായി ചേരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: