ഈ ചരിത്ര നിർമ്മിതിക്ക് രക്ഷകനാരുമില്ലേ ? ഇരിട്ടി പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പറഞ്ഞവരെ കാണാനില്ല

ഇരിട്ടി : ഇരിട്ടിയിൽ പുതിയ പാലം യാഥാർത്ഥ്യമായിമാസങ്ങൾ കഴിഞ്ഞു. എന്നാൽ എന്നും ഇരിട്ടി പട്ടണത്തിന്റെ മുഖമുദ്രയായി നിലകൊണ്ടിരുന്ന പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പറഞ്ഞവരെ ഇന്ന് കാണാനില്ല. 1933 ൽ ബ്രിട്ടീഷുകാർ പണിത ഈ ചരിത്ര നിർമ്മിതി എളുപ്പം പൊളിഞ്ഞു വീഴിയില്ലെങ്കിലും സംരക്ഷണമില്ലാതെ ഓരോ ദിവസം ചെല്ലുന്തോറും നാശത്തിലേക്ക് കൂപ്പുകുത്തുകയാണെന്നത് യാഥാർഥ്യം.
ആരിലും വിസ്മയവും കാതുകവുമുണർത്തുന്ന ഈ പാലം പൊളിച്ചു കളയാതെ ചരിത്രശേഷിപ്പായി നിലനിർത്തണമെന്ന് പുതിയ പാലം പണി തുടങ്ങിയ ഘട്ടത്തിൽ ഇരിട്ടിയെ സ്നേഹിക്കുന്ന പലരും പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പഴയ പാലത്തിന്റെ ചരിത്ര പ്രധാന്യവും നിർമ്മാണ രീതിയും പുതു തലമുറക്ക് പാഠമാകുന്ന വിധത്തിൽ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇതിനെത്തുടർന്ന് പാലം സംരക്ഷിത സ്മാരകമായി നിലനിർത്തുമെന്ന് പൊതുമരാമത്ത് വകുപ്പധികൃതരും പ്രഖ്യാപിച്ചിരുന്നു. കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു പുതിയ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മേഖലയിലെ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും നല്കിയ വാഗ്ദാനം. ബ്രിട്ടീഷ് ഭരണകാലത്ത് കുടകിൽ നിന്നും കേരളവുമായി വ്യാപാര ആവശ്യങ്ങൾക്കായി പണിത പാലം കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ചാണ് ഒരു പോറും ഏൽക്കാതെ ഇന്നും നിലനിൽക്കുകയാണ് . പാലം പൈതൃതമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അറ്റകുറ്റ പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെ നിർമ്മാണ വിഭാഗത്തിന് കെ എസ്‌ ടി പി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വർഷം ഒന്ന് തികയാറായെങ്കിലും ഇതുവരെ മറ്റ് നടപടികളൊന്നുമായിട്ടില്ല.
ഒരു നൂറ്റാണ്ട് തികയാൻ 12 വർഷം മാത്രം ബാക്കിയിരിക്കേ ലക്ഷക്കണക്കിന് ഭാരവാഹനങ്ങളും യാത്രാവാഹനങ്ങളും കടന്നു പോയ ഈ ഉരുക്കു പാലം ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ്. പുതിയ പാലം യാഥാർഥ്യമായിട്ടും ഇന്നും ഈ പാലത്തിലൂടെയാണ് ബസ്സുകളും ഭാരം കയറ്റിയ വാഹനങ്ങളും ഒരു ഭാഗത്തേക്ക് സ്ഥിരമായി കടന്നുപോകുന്നത് . ഇരിട്ടിയിൽ നിന്നും ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പഴയ പാലം വഴിയാണ് പോകുന്നത്.
മുൻ കാലങ്ങളിൽ എല്ലാവർഷവും പാലത്തിന് അറ്റകുറ്റപ്പണികളും പെയിങ്ങും നടത്തിയിരുന്നു. എന്നാൽ തലശ്ശേരി – വളവുപാറ റോഡ് നിർമ്മാണപ്രവർത്തി കരാർ ചെയ്തതു മുതൽ ഈ പ്രവർത്തി നിലച്ചു. പുതിയ പാലം നിർമ്മാണത്തിന്റെ പേര് പറഞ്ഞ് കാലാകാലം ചെയ്യേണ്ട ചെറിയ അറ്റകുറ്റപണി പോലും അധികൃതർ നിർത്തിവെച്ചു. ഇതോടെ പാലത്തിന്റെ ഇരുമ്പുപാളികൾ മുഴുവൻ തുരുമ്പെടുത്ത് നാശത്തിലേക്ക് നീങ്ങുകയാണ്. വലിയ യാത്രാ വാഹനങ്ങളും ചരക്ക് ലോറികളും മറ്റും ഇടിച്ചും കുടുങ്ങിയും നിരവധി യിടങ്ങളിൽ ഇത്തരം ഇരുമ്പു പാളികളിൽ പൊട്ടലും സ്ഥാനചലനവും മറ്റും ഉണ്ടായിട്ടുണ്ട് . ഇവയൊക്കെ പൂർവാവസ്ഥയിൽ ആക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് ഇവ അറ്റകുറ്റപ്പണികൾ ചെയ്ത് സംസാരക്ഷിക്കാത്ത പക്ഷം പാലത്തിന്റെ നാശമാവും ഫലം. പഴയ പാലങ്ങൾ പൈതൃക ടൂറിസം കേന്ദ്രങ്ങളാക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുമെന്ന് ടൂറിസം മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കരിങ്കൽ തൂണുകളിൽ കൂറ്റൻ ഉരുക്ക് ബീമുകളും പാളികളും കൊണ്ട് മേൽക്കൂരയിൽ ഭാരം ക്രമീകരിക്കുന്ന നിലയിൽ നിർമ്മിച്ച ഈ മനോഹര നിർമ്മിതി ഉപയോഗിച്ച് ഇരിട്ടിക്കായി ഒരു ടൂറിസ കേന്ദ്രം നിർമ്മിക്കാൻ കഴിയും. പഴശ്ശി ജലാശയത്തിന് മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത് എന്നതും ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. താമസം വിനാ അപകടാവസ്ഥയിലായ ഭാഗങ്ങൾ ബലപ്പെടുത്തി പെയിന്റിംങ്ങ് ഉൾപ്പെടെ നടത്തി മലയോരത്തിന്റെ പൈതൃക പ്രതീകമായി ഈ ചരിത്ര നിർമ്മിതിയെ സംരക്ഷിക്കണമെന്നാണ് ഇരിട്ടിയെ സ്നേഹിക്കുന്നവരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: