ഐഎസ്സില്‍ ചേര്‍ന്ന അഞ്ചു കണ്ണൂര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍

കണ്ണൂര്‍: ജില്ലയില്‍ നിന്നും ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്‌പ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.

കണ്ണൂര്‍ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പന്‍പാറയിലെ റിഷാല്‍ (30), പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീര്‍ (45), ഇയാളുടെ മൂത്തമകന്‍ സല്‍മാന്‍ (20), കമാല്‍പീടികയിലെ മുഹമ്മദ് ഷാജില്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.

കണ്ണൂര്‍ ജില്ലയില്‍നിന്നും 15 പേരാണ് ഐഎസ്സില്‍ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇതില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ശേഷിക്കുന്നവര്‍ ഇപ്പോഴും ഐഎസ് ക്യാമ്പുകളിലുണ്ടെന്നാണ് സൂചന.

ഐഎസ്സില്‍ നിന്നും തിരികെയെത്തിയവരെന്ന് സംശയിക്കുന്ന മുന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍ (42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുള്‍ റസാഖ് (34), മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരാണ് അറസ്റ്റിലായത്.

ഐഎസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ പിടിയിലായതിനെ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. അറസ്റ്റിലായ പ്രതികളുടെ വീട്ടില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ ദുബായ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രാരേഖകള്‍, തുര്‍ക്കിയിലെ കറന്‍സികള്‍ എന്നിവയും ഐഎസ്സിന്റെ ലഘുലേഖകളും കണ്ടെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: