ഗെയിൽ‍: കൃഷിഭൂമി അടിയന്തരമായി പൂർവസ്ഥിതിയിലാക്കാൻ നിർദേശം

കണ്ണൂർ: ജില്ലയിൽ ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ച പ്രദേശങ്ങളിൽ ഭൂമിയുടെ പൂർവസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദേശം. എ.ഡി.എം.ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. സ്ഥിതി പരിശോധിക്കുന്നതിന് റവന്യു, കൃഷി വകുപ്പുദ്യോഗസ്ഥരും ഗെയിൽ പ്രതിനിധികളുമടങ്ങിയ സംയുക്തസംഘം പരിശോധന നടത്താനും തീരുമാനിച്ചു. ഒക്ടോബർ മൂന്നിന് സംയുക്ത പരിശോധന തുടങ്ങും. പൈപ്പ്‌ലൈൻ പദ്ധതി പ്രവൃത്തികൾ നടത്തിയ പ്രദേശങ്ങളിലെ കർഷകർ നൽകിയ പരാതികളെത്തുടർന്നാണ് യോഗം ചേർന്നത്. ജില്ലയിൽ കടവത്തൂർ മുതൽ പെരിങ്ങോം വരെ 84 കിലോ മീറ്ററിലാണ് ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചത്.
ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചതിന്റെ ഭാഗമായി ഒട്ടേറെ സ്ഥലങ്ങളിൽ തോടുകളുടെ അരികുഭിത്തികൾ പൊളിച്ചുമാറ്റിയതായി യോഗത്തിൽ പങ്കെടുത്ത കർഷകനേതാക്കൾ പറഞ്ഞു. കർഷകർക്ക് വിളനഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം നൽകിയെങ്കിലും ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇത് എത്രയും വേഗം ലഭ്യമാക്കണം. 10 സെന്റിൽ താഴെ ഭൂമിയുള്ളവരിൽ പൂർണമായി ഭൂമി നൽകേണ്ടിവന്നവർക്കുള്ള പാക്കേജ് പ്രകാരം അഞ്ചുലക്ഷം രൂപ വീതം നൽകേണ്ടതുണ്ട്. ഈ വിഭാഗത്തിൽ അർഹരായവരുടെ നഷ്ടപരിഹാരം എത്രയും വേഗം നൽകാനാവുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.
കൃഷിഭൂമി പൂർവസ്ഥിതിയിലാക്കുന്ന പണി എത്രയും വേഗം തുടങ്ങാമെന്നും അവർ ഉറപ്പുനൽകി. സംയുക്ത പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇതിനാവശ്യമായ നടപടി തുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: