മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്: വീടുപണി പൂർത്തിയാക്കാത്തതിൽ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്‌ രൂക്ഷവിമർശനം

കണ്ണൂർ: ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്‌ മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമർശനം. സെക്രട്ടറി കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് പറഞ്ഞു. കണ്ണൂർ ഗവ. ഗസ്റ്റ്‌ഹൗസിൽ നടത്തിയ അദാലത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം വീടുപണി പാതിവഴിയിലായെന്ന പരാതിയുമായി ആലപ്പടമ്പ് സ്വദേശിനി ശശികല വിജയൻ കമ്മിഷനെ സമീപിച്ചിരുന്നു. കാഴ്ചശക്തിയില്ലാത്ത ഭർത്താവ് വിജയൻ ലോട്ടറി വിറ്റ് ലഭിക്കുന്ന വരുമാനത്താലാണ് ഇവരുടെ കുടുംബം പുലരുന്നത്. ഇവർക്ക് വീട് നിർമിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് ഭവനപദ്ധതിയിലുൾപ്പെടുത്തി മൂന്നരലക്ഷം രൂപ അനുവദിച്ചിരുന്നു. ഗ്രാമപ്പഞ്ചായത്തുതന്നെ പണി കരാറുകാരനെ ഏല്പിച്ചെങ്കിലും വീടുപണി പൂർത്തിയാക്കുകയോ വാസയോഗ്യമാക്കുകയോ ചെയ്തില്ല. ഇതുസംബന്ധിച്ച് അദാലത്തിലേക്ക് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതേത്തുടർന്നാണ് സമൻസ് അയക്കാൻ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്ക്‌ നിർദേശംനൽകിയെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നിൽകണമെന്നാവശ്യപ്പെട്ട് ഡിവൈ.എസ്.പി.ക്ക്‌ നോട്ടീസ് നൽകും.
57 പരാതികളാണ് വ്യാഴാഴ്ച കമ്മിഷൻ പരിഗണിച്ചത്. ഇതിൽ 15 എണ്ണം തീർപ്പാക്കി. 17 എണ്ണം തെളിവെടുപ്പ് പൂർത്തിയാക്കി ഉത്തരവിനായി മാറ്റി. ബാക്കിയുള്ളവ ഒക്ടോബർ 29-ന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. ഏഴ് പരാതികൾ പുതുതായി കമ്മിഷൻ ഫയലിൽ സ്വീകരിച്ചു.
തയ്യിലിലെ വനിതാ ശൗചാലയത്തിന്റെ നിർമാണ പുരോഗതി കമ്മിഷൻ വിലയിരുത്തി. ഇലക്‌ട്രിഫിക്കേഷൻ, പ്ലംബിങ് പ്രവർത്തികളാണ് ഇനി ഇവിടെ പൂർത്തിയാക്കാനുള്ളത്. കടപ്പുറത്ത് താമസിക്കുന്നവർക്ക് പ്രാഥമികകൃത്യം നിർവഹിക്കാനാവാത്തത് സംബന്ധിച്ച് മുൻപ്‌ മാതൃഭൂമി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത്ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി ശൗചാലയം നിർമിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: