തപാലാപ്പീസുകളിലേക്ക്‌ ആവശ്യമായ രസീതും ഫോമുകളും യഥാസമയം അച്ചടിച്ചുനൽകാതെ തപാൽവകുപ്പ്‌

കണ്ണൂർ: തപാലാപ്പീസുകളിലേക്ക്‌ ആവശ്യമായ രസീതും ഫോമുകളും യഥാസമയം അച്ചടിച്ചുനൽകാതെ തപാൽവകുപ്പ്‌. മണിഓർഡറും സ്‌പീഡ്‌ പോസ്‌റ്റും രജിസ്‌ട്രേഡ്‌ ഉരുപ്പടികളും പോസ്‌റ്റ്‌ ചെയ്യുന്നവർക്ക്‌ നൽകേണ്ട രസീത്‌ പല പോസ്‌റ്റോഫീസുകളിലും തീർന്നിട്ടും അധികൃതർക്ക്‌ അനക്കമില്ല. കണ്ണൂർ ഉൾപ്പെടെ അപൂർവം ചില പോസ്‌റ്റോഫീസുകളിലാണിപ്പോൾ രസീതുള്ളത്‌. തലശേരിയിൽ തീർന്നിട്ട്‌ ദിവസങ്ങളായി. സാധാരണ തപാൽവകുപ്പിന്റെ എംബ്ലം പതിച്ച രസീതിലാണ്‌ രജിസ്‌ട്രേഡ്‌ ഉരുപ്പടികൾ അയച്ച സ്ലിപ്പ്‌ നൽകാറ്‌. രസീതില്ലാത്തതിനാൽ വെറുംകടലാസിൽ കാര്യം ഒപ്പിക്കുകയാണ്‌.
ആവശ്യമായ ഫോമുകൾ ഇല്ലാത്തതിനാൽ പകർപ്പെടുത്ത്‌ ഉപയോഗിക്കേണ്ട സ്ഥിതിയടക്കമുണ്ടായി. കോഴിക്കോട്‌, തൃശൂർ പോസ്‌റ്റൽ സ്‌റ്റോർസ്‌ ഡിപ്പോകളിൽ നിന്നാണ്‌ തപാലാപ്പീസുകളിലേക്ക്‌ ഫോമുകളും രസീതും മറ്റു സ്‌റ്റേഷനറി സാമഗ്രികളും അയക്കുന്നത്‌. കോഴിക്കോട്‌ പോസ്‌റ്റ്‌മാസ്‌റ്റർ ജനറൽ ഓഫീസിൽനിന്നുള്ള ഓർഡർ പ്രകാരമാണിതിന്റെ വിതരണം. ഓർഡർ നൽകാനോ, സാമഗ്രികൾ യഥാസമയം എത്തിക്കാനോ ഒരു നടപടിയുമില്ല.
പോസ്‌റ്റൽ ഇൻഷുറൻസ്‌ പിൻവലിക്കാനും ബുദ്ധിമുട്ട്‌
പോസ്‌റ്റൽ ഇൻഷുറൻസിന്റെ കാലാവധിപൂർത്തിയാവുംമുമ്പ്‌ പിൻവലിക്കുന്നവരെ സാങ്കേതികത്വം ഉന്നയിച്ച്‌ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്‌. കോഴിക്കോട്‌ പിഎംജി ഓഫീസിൽനിന്നാണ്‌ ഇതിന്റെ നടപടി പൂർത്തിയാക്കേണ്ടത്‌. ഇത്തരം കാര്യങ്ങളിലൊന്നും താൽപര്യം കാട്ടാതെ ഏത്‌വിധേനയും നാട്ടിലേക്ക്‌ മടങ്ങാനുള്ള ചിന്തയുമായി കഴിയുന്ന പിഎംജിയാകട്ടെ തപാൽമേഖലയിലെ പ്രശ്‌നങ്ങളിലും ഇടപാടുകാരുടെ പരാതിയിലും ശ്രദ്ധിക്കുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: