അപകടം നടന്നിട്ടും പാഠംപഠിച്ചില്ല; പൊളിച്ചുനീക്കാതെ ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിലെ പഴയ കെട്ടിടം

ശ്രീകണ്ഠപുരം: തിരുവോണദിനത്തിൽ ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിലെ പഴയ കെട്ടിടം റോഡിലേക്ക് തകർന്നുവീണിട്ടും പാഠംപഠിക്കാതെ അധികൃതർ. പലതവണ അധികൃതർ നിർദേശിച്ചിട്ടും പൊളിച്ചുനീക്കാത്ത കെട്ടിടമാണ് തകർന്നത്. ഇതേത്തുടർന്ന് ഈ കെട്ടിടത്തിന്റെ ബാക്കിയും പൊളിച്ചുനീക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ട്രാഫിക് സിഗ്നൽ സംവിധാനമുള്ളതിനാൽ നിരവധി വാഹനങ്ങൾ നിർത്തുകയും പോവുകയും ചെയ്യുന്നതിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് അന്ന് റോഡിലേക്ക് വീണത്. തിരുവോണദിനത്തിൽ റോഡിൽ വാഹനങ്ങൾ കുറവായതുകൊണ്ടാണ് ദുരന്തം ഒഴിവായത്. കാലപ്പഴക്കത്താൽ അപകടക്കെണിയിലായ ഇരുനില കെട്ടിടം അധികൃതർ പൊളിച്ചുനീക്കാൻ പറഞ്ഞതിനാൽ ഒരുവർഷംമുമ്പ് കച്ചവടസ്ഥാപനങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ, പൊളിക്കാതെവെച്ച കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു. കെട്ടിടത്തിന്റെ അടിത്തറയടക്കം താഴ്ന്നുപോയസ്ഥിതിയിലാണ്.
ഏതുനേരവും നിലംപതിക്കുമെന്നായിട്ടും പൊളിച്ചുനീക്കാത്ത ശ്രീകണ്ഠപുരത്തെയും പരിസരങ്ങളിലെയും കെട്ടിടങ്ങൾ അപകടഭീക്ഷണിയുയർത്തുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ളതും നിർമാണത്തിൽ അശാസ്ത്രീയതയുള്ളതുമായ ഒട്ടേറെ കെട്ടിടങ്ങൾ ഇവിടെയുണ്ട്. ചിലതെല്ലാം കച്ചവടക്കാർ ഒഴിഞ്ഞിട്ടും അധികൃതർ നിർദേശിച്ചിട്ടും പൊളിക്കാതെവെച്ചിരിക്കയാണ്. ദ്രവിച്ചസ്ഥിതിയിലായിട്ടും ചില കെട്ടിടങ്ങളിൽ ചെറിയ മിനുക്കുപണിനടത്തി വാടകയ്ക്ക് നൽകുന്നുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: