സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ അധ്യാപന്‍ അറസ്റ്റില്‍; മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത് യഥാര്‍ഥ പ്രതിയെ അല്ലെന്ന് അധ്യാപകന്‍; വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്

ചോരക്കുളത്ത് വീട്ടമ്മയുടെ അഞ്ചരപവന്റെ മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റു ചെയ്ത എസ്.ഐയുടെ ഫോട്ടോ വച്ച് വ്യാപകമായി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഇരിക്കൂറിലെ അധ്യാപകന്‍ അന്‍സാര്‍ കുറ്റിയാട്ടൂരി(30)നെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. യഥാര്‍ത്ഥ പ്രതിയെയല്ല ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കാട്ടിയായിരുന്നു പ്രചാരണം. പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രതി കതിരൂര്‍ പുല്യോട് സ്വദേശി താജുദ്ദീനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫെയ്സ്ബുക്കിലും മറ്റും വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടിരുന്നു.

എസ്.ഐയുടെ ഫോട്ടോ വച്ച് സന്ദേശം പ്രചരിപ്പിച്ചയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഇ.കെ. സലാമിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. സന്ദേശം ഷെയര്‍ചെയ്ത മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചക്കരക്കല്‍ എസ്.ഐ ബിജു പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയെ രക്ഷപ്പെടുത്താനുള്ള ബോധപൂര്‍വ്വകമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പോലീസ് പറഞ്ഞു. സന്ദേശം പ്രചരിപ്പിച്ച ഇരിക്കൂറിലെ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. ഇവര്‍ ഗള്‍ഫിലായതിനാല്‍ നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: