എം പി ആദ്യ ഗോളടിച്ചു, കണ്ണൂരില്‍ ഗോള്‍ മഴ തുടങ്ങി


ജില്ലയില്‍ ഗോളടി മഴക്ക് തുടക്കം. ചരിത്രത്തിലേക്ക് ഒരു ഗോളടിക്കാന്‍ കണ്ണൂര്‍ തയ്യാറായി. ഗോള്‍ വലകളും ഗോളടിക്കാരും ഗോളുകള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു.
ഒക്ടോബര്‍ 6 മുതല്‍ 28 വരെ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ആറ് വേദികളിലായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദശലക്ഷം ഗോള്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസാന തയ്യാറെടുപ്പ് കഴിഞ്ഞ് ഒരുങ്ങിയിരിക്കുകയാണ് കണ്ണൂര്‍. സംസ്ഥാനമെങ്ങും നടക്കുന്ന പരിപാടി ഇന്ന് ഉച്ചതിരിഞ്ഞ് 3 മുതല്‍ 7 വരെയാണ് നടന്നുവരുന്നത്. ദശലക്ഷം ഗോള്‍ പരിപാടി നാടിന്റെ ആഘോഷമായി മാറി. ജില്ലയില്‍ 200 കേന്ദ്രങ്ങളിലായി 5 ലക്ഷം ഗോളടിക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഗോളാകാതെ പുറത്ത് പോയാല്‍ അസാധുവായി കണക്കാക്കി എണ്ണത്തില്‍ ഉള്‍പ്പെടുത്തില്ല.
ലോക റിക്കാര്‍ഡ് കൂടി ലക്ഷ്യമിടുന്ന പരിപാടിക്കായി കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അടിക്കുന്ന ഗോളുകളുടെ എണ്ണവും മറ്റ് വിശദാംശങ്ങളും ചിത്രങ്ങള്‍ സഹിതം രേഖപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവ ക്രോഡീകരിക്കുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക ക്രമീകരണവുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന പരിപാടിയുടെ ഏകോപനത്തില്‍ കായികാധ്യാപകരും പങ്കാളികളാവുന്നുണ്ട്.
ഗോളിയില്ലാത്ത പോസ്റ്റില്‍ പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്നാണ് ഗോളടിക്കേണ്ടത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കുചേരുന്നുണ്ട്. ഒരാള്‍ക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാവൂ. പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ കണ്ണൂര്‍ എം പി പി കെ ശ്രീമതി ആദ്യ ഗോളടിച്ചു. കെ കെ രാഗേഷ് എം പി, ഫുട്‌ബോള്‍ താരങ്ങളായ പി കെ ബലചന്ദ്രന്‍, കെ വി ധനേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ കെ വിനീഷ്, സി ഡി എഫ് എ പ്രസിഡണ്ട് സുനില്‍, എ ഡി എം മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി എന്നിവര്‍ ഗോളടിക്കാന്‍ എത്തുന്നുണ്ട്.
കാല്‍പന്ത് കളിയുടെ ആവേശം ആബാലവൃദ്ധം ജനങ്ങളിലെത്തിക്കുന്ന പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും കൂട്ടായ സഹകരണമുണ്ടാകണമെന്ന് അവര്‍ പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പൊതുജനങ്ങള്‍ക്കൊപ്പം ഗോളടിച്ചുവരുന്നു. ഇന്ന് എഴിന് ശേഷം ഓരോ സെന്ററിലും നറുക്കിട്ട് 2 പേരെ വീതം തെരഞ്ഞെടുത്ത് കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയികളാകുന്ന രണ്ട് പേര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ അവസരം ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: