തളിപ്പറമ്പിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 30 പേർക്കു പരിക്ക്
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പം പാലത്തിന് സമീപം ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.10 ന് യുവജന വായനശാലയ്ക്ക് മുന്നിലായിരുന്നു അപകടം. ശ്രീകണ്ഠാപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന താജ് ബസും തളിപ്പറമ്പില്‍നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡില്‍ നിന്നും തെന്നിമാറി മണ്തിട്ടയിലിടിച്ചാണു നിന്നത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ ഗിരീഷിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിക്കിടയില്‍ ടിപ്പറിന്റെയും ബസിന്റെയും ഓയില്‍ ടാങ്ക് തകര്‍ന്ന് ഓയിലും ഡീസലും റോഡില്‍ നിറഞ്ഞൊഴുകിയത് പരിഭ്രാന്തി പരത്തി. തളിപ്പറമ്പ് അഗ്നിശമന സേനയെത്തി വെള്ളം ചീറ്റി റോഡ് വൃത്തിയാക്കി. ടിപ്പറിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം സംസ്ഥാനപാതയില്‍ വാഹനഗതാഗതം സ്തംഭിച്ചു.