ഓണത്തിന് സ്പെഷൽ പഞ്ചസാര. ഈ മാസത്തെ റേഷൻ വിതരണവിവരം ഇങ്ങനെ
കണ്ണൂര്‍: ജില്ലയിലെ റേഷന്‍കടകള്‍ വഴി ഈ മാസം എഎവൈ കാര്‍ഡുടമകള്‍ക്ക് 28 കിലോ അരിയും 7 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഓണം പ്രമാണിച്ച് കാര്‍ഡൊന്നിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) 5 കിലോ ധാന്യം(അരി/ഗോതമ്പ്) സൗജന്യമായി ലഭിക്കും. മുന്‍ഗണന ഇതര വിഭാഗത്തില്‍പ്പെട്ട 2 രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓരോ അംഗത്തിനും 2 കിലോ അരിവീതം കിലോയ്ക്ക് 2 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും 1 കിലോ ഫോര്‍ട്ടിഫൈഡ് ആട്ട കിലോയ്ക്ക് 15 രൂപ നിരക്കില്‍ ലഭിക്കും. ബാക്കിയുള്ള മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 3 കിലോ ഭക്ഷ്യധാന്യം സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച് 8.90 രൂപ നിരക്കില്‍ അരിയും 6.70 രൂപ നിരക്കില്‍ ഗോതമ്പും ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും 2 കിലോ ഫോര്‍ട്ടിഫൈഡ് ആട്ട കിലോയ്ക്ക് 15 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഓണം പ്രമാണിച്ച് കാര്‍ഡൊന്നിന് (നീല, വെളള കാര്‍ഡുകള്‍) 5 കിലോ ധാന്യം(അരി/ആട്ട) അംഗീകൃത നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ താലൂക്ക് സപ്ലൈ ഓഫിസ്, തളിപ്പറമ്പ്-0460 2203128, തലശ്ശേരി- 0490 2343714, കണ്ണൂര്‍-2700091, ഇരിട്ടി-0490 2494930, ജില്ലാ സപ്ലൈ ഓഫിസ്-0497 2700552, ടോള്‍ഫ്രീ നമ്പര്‍- 1800-425-1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സ്പെഷ്യല്‍ പഞ്ചസാര
ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും ഒരു കിലോ സ്പെഷ്യല്‍ പഞ്ചസാര 22 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.