മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകോത്തര നിലവാരത്തിലേക്ക്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ചുവട് വെക്കുന്നു. ഇതിനായുള്ള സമഗ്ര വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനമാണ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം തുരുത്ത് എന്നിവിടങ്ങളിലാണ് വികസനം നടക്കുക. 

മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്കിങ്, കിയോസ്കുകൾ, ലാൻഡ്സ്കോപ്പിങ് എന്നിവ ഒരുക്കും. സുരക്ഷിതമായ ബീച്ച് സൃഷ്ടിക്കുന്നതിനായി ഡ്രൈവ് ഇൻ പ്രവർത്തനങ്ങൾ ബീച്ചിന്റെ വടക്കുഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും.

തെക്ക് ഭാഗത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ സ്പോർട്സ് ഒരുക്കും. ധർമടം തുരുത്തിൽ പ്രകൃതി കേന്ദ്രം പണിത് നാച്വറൽ ഹബ്ബാക്കി മാറ്റും. ബീച്ച് ടൂറിസം പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടക്കുക. ഏതാണ്ട് 233.71 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 79.51 കോടിയുടെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപ്പറേഷനാണ് നിർമാണചുമതല. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചാണ് മുഴപ്പിലങ്ങാട്ടേത്. നാല് കിലോമീറ്റർ ദൈർഘ്യം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്ര ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: