100 കോടിക്കാരന്റെ സഹായിയെ കാണാനില്ലെന്ന്, തട്ടിക്കൊണ്ടുപോയെന്ന് സംശയം-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ് : നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ സഹായിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സൂഹൈറിനെയാണ്(26) ജൂലായ് 23 മുതല്‍ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്ക പരാതി നല്‍കിയത്. 23 ന് രാവിലെ വീട്ടില്‍ നിന്ന് പോയ സൂഹൈര്‍ 24 ന് ഫോണില്‍ വിളിച്ച് തളിപ്പറമ്പിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞുവെങ്കിലും വന്നില്ലെന്നും മൊബൈല്‍ സ്വിച്ചോഫ് ചെയ്തിരിക്കയാണെന്നും പരാതിയില്‍ പറയുന്നു. സുഹൈര്‍ പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തിച്ചയാളുമാണെന്ന് പോലീസ് പറഞ്ഞു. സുഹൈറിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സൈബര്‍സെല്‍ മുഖേന പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്.
അതേസമയം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായി സൂചന.
5 കോടി മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരില്‍ ആരും തന്നെ ഇതേവരെ പരാതിയുമായി പോലീസില്‍ സമീപിച്ചിട്ടില്ലെങ്കിലും പോലീസും രഹസ്യാന്വേഷണ വിഭാഗവും രാവിലെ മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
സൈബര്‍സെല്‍ മുഖേനയും മറ്റുവിധത്തിലും പോലീസ് അന്വേഷണം ഈര്‍ജ്ജിതമാണ്.അതിനിടയിലാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഘം തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.