ആറ് വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി: മുഖ്യമന്ത്രി

0


കണ്ണൂർ: കഴിഞ്ഞ ആറ് വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കൂടുതലായി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയം, നീതി ആയോഗ്, യുഎൻ-നീതി ആയോഗ് എന്നിവയുടെയെല്ലാം ഏജൻസികളുടെ വിലയിരുത്തലുകളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ചരിത്രത്തിൽ നല്ല പേര് സമ്പാദിച്ച പൊതുവിദ്യാഭ്യാസ മേഖല ഒരു ഘട്ടത്തിൽ കാലാനുസൃതമായ പുരോഗതി ലഭിക്കാതെ ക്ഷീണിച്ചിരുന്നു. അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയി. ഈ സ്ഥിതിക്ക് വലിയ മാറ്റം സൃഷ്ടിക്കാൻ, അക്കാദമിക നിലവാരമുയർത്താൻ, പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താൻ 2016ലെ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി. ജനങ്ങൾ ഒരുമിച്ച് നിന്ന് പുരോഗതിക്ക്, മാറ്റത്തിനായി പ്രവർത്തിച്ചതിനാലാണ് ഈ മാറ്റമുണ്ടായത്. പൊതുവിദ്യാഭ്യാസ മേഖല കരുത്തോടെ  മുന്നോട്ടു പോയാലേ ഉന്നത വിദ്യാഭ്യാസ രംഗം മികവുറ്റതാകൂ. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പ്രധാന ഹബ് ആക്കി കേരളത്തെ മാറ്റാനാണ് നാം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ സഹായത്തോടെയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും അടുക്കളയും ഭക്ഷണമുറിയും ഗാർഡൻ ബ്ലോക്കും നിർമ്മിച്ചത്.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ബിപിസിഎൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ കെ അജിത്ത് കുമാർ ഉപഹാര സമർപ്പണം നടത്തി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എം രമേശൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി കെ അനിൽകുമാർ, ഹയർസെക്കൻഡറി കണ്ണൂർ മേഖല ഉപഡയറക്ടർ പി വി പ്രസീത, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി വി പ്രദീപൻ മാസ്റ്റർ, കണ്ണൂർ സൗത്ത് എഇഒ കൃഷ്ണൻ കുറിയ, സ്‌കൂൾ മാനേജർ വി പി കിഷോർ, സ്‌കൂൾ പ്രിൻസിപ്പൽ ഒ എം ലീന, പ്രധാനധ്യാപിക എം സ്‌നേഹ, പി ടി എ പ്രസിഡണ്ട് എം വി അനിൽകുമാർ, അഞ്ചരക്കണ്ടി എജുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് എം വി ദേവദാസ്, സെക്രട്ടറി പി മുകുന്ദൻ, ട്രഷറർ എം എം അജിത്ത്കുമാർ, അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ എപിഎം രമാദേവി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading