രാജാറോഡ് വികസനം -കെട്ടിടങ്ങളുടെ സര്‍വ്വെ ആരംഭിച്ചു


നീലേശ്വരം :രാജാറോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഒഴിവാക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. 14 മീറ്റര്‍ വീതിയില്‍ ഏറ്റെടുക്കുന്നതിനു വേണ്ടി സര്‍വ്വെ ഡിപ്പാര്‍ട്ട്മെന്‍റ് അളന്ന് അലൈന്‍മെന്‍റ് നിശ്ചയിച്ച ഭൂമിയുടെ അകത്ത് വരുന്ന, ഭാഗീകമായോ പൂര്‍ണ്ണമായോ ഒഴിവാക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പാണ് കിഫ്ബി പദ്ധതികള്‍ക്കു വേണ്ടി പ്രത്യേകമായി രൂപീകരിച്ച റവന്യൂ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചത്. റവന്യൂ വകുപ്പ് ആര്‍.ഐമാരായ സന്തോഷ്, ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വെ ആരംഭിച്ചത്. കണക്കെടുപ്പില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങളുടെ മൂല്യ നിര്‍ണ്ണയം പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗമാണ് നടത്തേണ്ടത്.
2017 ലെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലാണ് രാജാറോഡ് വികസനത്തിനും കച്ചേരിക്കടവ് പാലത്തിനുമായി 40 കോടി രൂപ അനുവദിക്കുന്നത്. പിന്നീട് രണ്ടായി വിഭജിക്കപ്പെട്ട പദ്ധതിയില്‍ രാജാറോഡ് വികസനം കിഫ്ബി ഏറ്റെടുക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ചെലവുകള്‍ക്കാവശ്യമായ 50 ലക്ഷം രൂപ കിഫ്ബി റവന്യൂ വകുപ്പിന് ഇതിനകം നല്‍കുകയും ചെയ്തു.ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെയും ഭൂമിയുടെയും മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.  എട്ട് കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിഫ്ബി പദ്ധതിയുടെ നടത്തിപ്പിനും വേണ്ടി മാത്രം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക എഞ്ചിനീയര്‍ വിഭാഗത്തിന്‍റെ (കെ.ആര്‍.എഫ്.ബി) മേല്‍നോട്ടത്തിലാണ് രാജാറോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ വി.ഗൗരി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.സുഭാഷ്,  കൗണ്‍സിലര്‍ ഇ.ഷജീര്‍, റവന്യൂഇന്‍സ്പെക്ടര്‍ കെ.മനോജ്കുമാര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.–

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: