ഇരിട്ടി ജബ്ബാർക്കടവ് ബസ്സപകടം;ബസ്സോടിയത് പെർമിറ്റും കണ്ടക്ടർക്ക് ലൈസൻസും ഇല്ലാതെയെന്ന് മോട്ടോർ വാഹന വകുപ്പ്; നടപടിയുമായി അധികൃതർ


ഇരിട്ടി: ജബ്ബാർക്കടവിൽ രണ്ടാഴ്ച മുൻപ് അപകടത്തിൽപെട്ട ബസ് ഓടിയത് സർവീസ് നടത്താനുള്ള പെർമിറ്റോ കണ്ടക്ടർക്ക് ലൈസൻസോ ഇല്ലാതെ. ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്.
ഈമാസം പതിനാലാം തീയതിയാണ് മത്സര ഓട്ടത്തിനിടെ ഇരിട്ടിയിൽ നിന്നും ജബ്ബാർക്കടവ് വഴി പായത്തേക്ക് പോവുകയായിരുന്ന അപ്പച്ചി ബസ് ജബ്ബാർക്കടവ് പാലം കടന്നയുടനെ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. പുതുതായി പെർമിറ്റുണ്ടെന്ന വ്യാജേന യാത്രക്കാരെ കയറ്റി ഓടിയ ബസ്സിനെ പിന്തുടർന്ന് ഇതേസമയത്ത് ഓടേണ്ട പെർമിറ്റുള്ള പായം ബസ്സ് പിന്തുടരുകയും ജബ്ബാർക്കടവ് കയറ്റത്തിൽ മുന്നിൽ നിർത്തി തടയുകയും തർക്കത്തിൽ നടത്തുകയും ചെയ്തു. യാത്രക്കാർ ഇടപെട്ട് തർക്കം തീർത്ത് ബസ് മുന്നോട്ടെടുക്കവേ നിയന്ത്രണം വിട്ട ബസ് പിറകോട്ട് നീങ്ങി പിന്നിലെ കുഴിയിലേക്ക് വീഴുകയും ചെയ്തു. അപകടത്തിൽ പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി ജോയിൻറ് ആർടിഒ ഡാനിയൽ സ്റ്റീഫൻ നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ട അപ്പാച്ചി ബസ് പെർമിറ്റ് ഇല്ലാതെയാണ് ഓടിയത് എന്ന് കണ്ടെത്തിയത്. തുടർന്ന് ബസ്ഡ്രൈവറുടെ ലൈസൻസ് നാലു മാസത്തേക്ക് റദ്ദ്ചെയ്തു. കണ്ടക്ടർക്ക് ലൈസൻസ് ഇല്ലെന്നും പെർമിറ്റില്ലാതെയാണ് ബസ് ഓടിയതെന്നും കണ്ടെത്തിയതോടെ തുടർനടപടികൾക്കുവേണ്ടി കണ്ണൂർ ആർ.ടി.ഒ ക്ക് വിശദമായ റിപ്പോർട്ടും നൽകി.
മത്സര ഓട്ടം നടത്തിയ പായം ബസ്സിലെ ഡ്രൈവറുടെ ലൈസൻസ് രണ്ട് മാസത്തേക്കും കണ്ടക്ടറുടെ ലൈസൻസ് ഒരു മാസത്തേക്കും റദ്ദ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന സ്ഥിതിവിശേഷം ഇനി ഉണ്ടാവരുതെന്നും എല്ലാവർക്കുമുള്ള
ഒരു മുന്നറിയിപ്പിൻ്റെ ഭാഗമായാണ് നടപടിയെന്നും ജോയിൻറ് ആർ ടി ഒ ഡാനിയൽ സ്റ്റീഫൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: