പാനൂർ നഗരസഭാ പ്രദേശങ്ങൾ പകർച്ചവ്യാധി ഭീതിയിൽ

പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കിയുള്ള മാലിന്യം തള്ളൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്നു. പാനൂർ നഗരസഭാ പ്രദേശങ്ങളിലെ പെരിങ്ങളം, കരിയാട് മേഖലകളിലാണ് അലക്ഷ്യമായെറിയുന്ന മാലിന്യം മഴക്കാലത്ത് രോഗഭീതിയുയർത്തുന്നത്.പൂക്കോം കനാൽ പരിസരം, പെരിങ്ങത്തൂർ ടൗൺ, മയ്യഴിപ്പുഴയോട് ചേർന്ന പാലത്തിന്റെ അടിഭാഗം, പെരിങ്ങളത്തെ പ്രധാനറോഡുകൾ, കരിയാട് ഭാഗത്തെ പുഴയോരങ്ങൾ, തോടുകൾ,ഓവുചാലുകൾ, റോഡരികിലെ വയലുകൾ എന്നിവിടങ്ങളിൽ വൻതോതിലാണ് മാലിന്യം തള്ളുന്നത്. ഇതുമൂലം പൊതുകിണറുകളിൽ മലിനജലമെത്തുമെന്ന ഭീതിയുയർന്നിട്ടുണ്ട്.ഇവയിൽ പ്ലാസ്റ്റിക് മാലിന്യം ഏറെയുണ്ട്. പെരിങ്ങത്തൂർ ടൗണിലെ പൊതുശൗചാലയത്തിന്റെ ചുവട്ടിൽ മാലിന്യച്ചാക്കുകളുടെ കൂമ്പാരമാണ്. ശൗചാലയവിസർജ്യങ്ങൾ ഒഴുകാനുള്ള സംവിധാനവും അടഞ്ഞു. നഗരസഭാ പ്രദേശത്ത് ഒരറവുശാലയ്ക്കും ലൈസൻസില്ലെന്ന് അധികൃതർതന്നെ പറയുന്നു. എന്നാൽ പൂക്കോത്തും കരിയാട്ടും പുല്ലൂക്കരയിലും പെരിങ്ങത്തൂരിലും അറവുമാലിന്യം ചാക്കുകളിലാക്കി വലിച്ചെറിയുന്നത് പട്ടികളുടെ സ്വൈരവിഹാരത്തിനിടയാക്കുന്നു. ഈയിടെ ഇരുപതോളം പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്തുക്കളിലും മാംസമാലിന്യത്തിലും എലികളും കൊതുകും പെരുകുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.നഗരസഭ നീക്കംചെയ്യുമെന്ന് പ്രതീക്ഷിച്ച് ആളുകൾ മാലിന്യം ചാക്കിലാക്കി റോഡരികിൽ കൊണ്ടുവെക്കുന്നതും പതിവാണ്. ഇതെങ്ങനെ സംസ്കരിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.മാലിന്യം ഇടാനുള്ള സ്ഥലമോ അത് നീക്കംചെയ്യാനുള്ള സംവിധാനമോ ഇല്ലാത്തത് ശുചീകരണത്തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭ രൂപംകൊണ്ട് രണ്ടരവർഷം കഴിഞ്ഞെങ്കിലും ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: