ചെറുപുഴ കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ചെറുപുഴ കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനുവേണ്ടിയുള്ള

തെരച്ചില്‍ തുടരുന്നു. യുവാവ് പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് ചെറുപുഴ കാര്യാങ്കോട് പുഴയില്‍ ഇന്നലെ മുതലാണ് നാട്ടുകാരും പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തുന്നത്. പെരിങ്ങോം ഉമ്മറപ്പൊയില്‍ സ്വദേശിയായ യുവാവാണ് പുഴയില്‍ വീണതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇയാളുടെ ചെരിപ്പും ഡയറിയും പേഴ്‌സും ചെറുപുഴ പുതിയപാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതോടെയാണ് യുവാവ് പുഴയില്‍ വീണതാകാണെന്ന സംശയമുയര്‍ന്നത്. പെരിങ്ങോം പോലീസില്‍ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതല്‍ പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചെറുപുഴ പോലീസും ചേര്‍ന്ന് കാര്യാങ്കോട് പുഴയില്‍ തിരച്ചില്‍ നടത്തി. ചെറുപുഴ ആവുള്ളാങ്കയം, ചെക്ക് ഡാം പരിസരം, കൊല്ലാടപാലം പരിസരം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ യുവാവിന്റെ തിരോധാനവും ദുരൂഹ മായി തുടരുകയാണ്. ഉച്ചകഴിഞ്ഞ് പാലാവയലില്‍ നിന്ന് നീന്തല്‍ കോച്ച് ബിജു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഏഴംഗസംഘം ചെറുപുഴ ആവുള്ളാങ്കയത്തിലും തെരച്ചില്‍ നടത്തി. മജോ പടിഞ്ഞാത്ത്, മനോജ് പടിഞ്ഞാത്ത്, സുധാകരന്‍ പുളിങ്ങോം, ഷോബിത്ത് രാജന്‍, ഷൈജിന്‍ ബാബു, വിഷ്ണു റെജി എന്നിവരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: