കോവിഡ് അവശ്യ വസ്തുക്കള്‍ക്ക് അമിതവില: സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്

തിരുവനന്തപുരം: കോവിഡ് അവശ്യ വസ്തുകള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്. അവശ്യവസ്തു നിയന്ത്രണ നിയമം നടപ്പാക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരം നല്‍കും. ഉത്തരവിലെ ന്യൂനത പരിഹരിക്കാനുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. ഇതോടെ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പരിശോധ നടപടിയിലേക്ക് കടക്കും. കോവിഡ് പ്രതിരോധത്തിന് ആശ്രയിക്കുന്ന മാസ്‌ക്ക്, സാനിറ്റൈസര്‍, പി.പി.ഇ കിറ്റ് അടക്കം 15 അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് ഈ മാസം 14ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഓക്‌സീമീറ്റര്‍ അടക്കം ലഭ്യത കുറഞ്ഞ വസ്തുക്കള്‍ക്ക് അനിയന്ത്രിതമായ വിലകയറ്റമാണ് വിപണിയില്‍. ഇത്തരം വസ്തുക്കള്‍ക്ക് വ്യാപാരികള്‍ അമിതവില ചുമത്തുകയാണ് എന്ന പരാതി വ്യാപകമായതോടെ വിപണിയിലെ ചൂഷണം ഇന്നലെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായി. ഇതേ തുടര്‍ന്ന് അവശ്യ വസ്തു നിയന്ത്രണ നിയമപ്രകാരം കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വില നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരം നല്‍കി നോട്ടിഫൈ ചെയ്തിരുന്നില്ല. ഈ നിയമപ്രശ്‌നം നിലനില്‍ക്കുന്നത് പരിഹരിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കും. നേരത്തെ വില നിശ്ചയിച്ച് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സിവില്‍ സപ്ലൈസ് പരിശോധന വിഭാഗത്തിനും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും മാത്രമേ നടപടി എടുക്കാനാകൂ. രണ്ട് വിഭാഗങ്ങളും കോവിഡ് പ്രതിരോധത്തിലും ഭക്ഷ്യ വിതരണത്തിന്റെയും തിരക്കുകളിലുമാണ്. ഈ സാഹചര്യത്തിലാണ് കേരള അവശ്യവസ്തു നിയന്ത്രണ നിയമംപ്രകാരം ലീഗല്‍ മെട്രോളജി വകുപ്പിനെ അധികാരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Published on 27 May 2021 5:41 pm IST…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: