ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി: മന്ത്രി ഇ പി ജയരാജന്‍

ലോക്ഡൗണ്‍ നിയന്ത്രണണങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ടാവരുതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കലക്ടറേറ്റ് ആംഫി തിയേറ്ററില്‍ നടന്ന കൊറോണ പ്രതിരോധ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി വിമാനവും ട്രെയിനും ബസ്സും ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ചെറിയ തോതിലാണെങ്കിലും പുനസ്ഥാപിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ബസ്സുകളിലും ഓട്ടോറിക്ഷകളിലും സാമൂഹ്യ അകലം പാലിക്കാതെ ആളുകളെ കയറ്റുന്ന സ്ഥിതിയുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും നാട്ടിലുണ്ട്. ചില മാര്‍ക്കറ്റുകളില്‍ വലിയ ആള്‍ക്കൂട്ടം തന്നെ രൂപപ്പെടുന്ന സ്ഥിതിയുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പോലിസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവാഹ-മരണാനന്തര ചടങ്ങുകളില്‍ അനുവദിക്കപ്പെട്ട എണ്ണത്തില്‍ കൂടുതല്‍ ആളുകളുണ്ടാവുന്ന സ്ഥിതി ഉണ്ടാവരുത്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമായ പാസ്സോ മറ്റു ക്രമീകരണങ്ങളോ ഇല്ലാതെ പണം വാങ്ങിയും മറ്റും ആളുകളെ ജില്ലാ അതിര്‍ത്തിയില്‍ എത്തിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ആളുകള്‍ അത്തരം കെണികളില്‍ പെട്ടുപോകരുതെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ സൗകര്യങ്ങള്‍ പരിഗണിച്ച് നിബന്ധനകള്‍ക്കു വിധേയമായി ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ടായാല്‍ മറ്റു ചില ജില്ലകളില്‍ കൈക്കൊണ്ടതു പോലുള്ള ശക്തമായി നടപടികള്‍ സ്വീകരിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും ഇക്കാര്യത്തില്‍ ഓരോരുത്തരും ജാഗ്രത പാലിച്ചാല്‍ മാത്രമേ ഇതിന് തടയിടാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. തന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. ലക്ഷണങ്ങളൊന്നും പ്രകടമാവാത്തവരില്‍ പോലും കോവിഡ് ബാധയുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ വേണം. ദിവസവും 400 എന്ന തോതില്‍ ജില്ലയില്‍ സ്രവ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: