പ്ലാസ്റ്റിക് നോട്ടുമായി മത്സ്യംവാങ്ങാനെത്തിയ യുവാവിനെ പിടികൂടി
കണ്ണൂർ: പ്ലാസ്റ്റിക് നോട്ടുമായി മത്സ്യംവാങ്ങാനെത്തിയ യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു. ഇന്നലെ രാവിലെ ആയിക്കര മീൻ മാർക്കറ്റിലായിരുന്നു സംഭവം.
നൂറിന്റെയും അഞ്ഞൂറിന്റെയും പ്ലാസ്റ്റിക് നോട്ടുകൾ നൽകി മീൻ വാങ്ങാൻ ശ്രമിച്ച പഴയങ്ങാടി മാട്ടൂൽ സ്വദേശിയെ മത്സ്യക്കച്ചവടക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിലകൂടിയ മീനുകൾ ഓർഡർ നൽകിയ യുവാവ് അത് പൊതിഞ്ഞു കവറിലാക്കി നൽകാൻ ആവശ്യപ്പെട്ടു. മത്സ്യവില്പനക്കാരൻ അതുപോലെ നൽകുകയും ചെയ്തു. എത്ര രൂപയായിയെന്ന ചോദ്യത്തിന് അറുനൂറ് രൂപയുടെ മീൻ ഉണ്ടെന്ന മറുപടിയും പറഞ്ഞു. യുവാവ് കീശയിൽനിന്നും പ്ലാസ്റ്റിക് നോട്ടുകൾ എണ്ണി നൽകുകയായിരുന്നു. ആദ്യം അന്പരന്ന മത്സ്യവിൽപ്പനക്കാരൻ പിന്നീട് ബഹളം വച്ച് മറ്റു മത്സ്യ വിൽപ്പനക്കാരെ കൂട്ടി പോലീസിനെ വിളിക്കുകയായിരുന്നു. സിറ്റിപോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal