നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഏഴ് കേന്ദ്രങ്ങളില്‍; ക്രമീകരണങ്ങളായി

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി.  മെയ് രണ്ടിന് രാവിലെ എട്ടു മണി മുതല്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. തലശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളില്‍ നാലു ഹാളുകളിലായി 28 ടാബിളുകളാണ് ഒരുക്കുന്നത്. ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ എന്നരീതിയിലാണ് ക്രമീകരണം.  തലശ്ശേരിയില്‍ മൂന്നു ഹാളുകളിലായി 21 ടേബിളുകളാണ് ഉണ്ടാവുക. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില്‍ ഉണ്ടാവുക. കൂടാതെ ഒരോ സ്ഥാനാര്‍ത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം.
പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില്‍ ഉണ്ടാവും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിതുടങ്ങുക. അന്നേ ദിവസം രാവിലെ എട്ടുമണിക്ക് മുന്‍പായി എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കും. സര്‍വ്വീസ് വോട്ടര്‍മാരുടെ വോട്ടുകള്‍ സ്‌കാനര്‍ ഉപയോഗിച്ച് ബാര്‍ കോഡ് പരിശോധിച്ച ശേഷം പോസ്റ്റല്‍ ബാലറ്റായി പരിഗണിച്ച് എണ്ണും. ഓരോ മണ്ഡലത്തിലെയും ഒരു ഇ വി എമ്മിലെ വിവിപാറ്റും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് എണ്ണുന്നതായിരിക്കും.
തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പയ്യന്നൂര്‍, തളിപ്പറമ്പ്), ടാഗോര്‍ വിദ്യാ നികേതന്‍ എച്ച്എസ്എസ് തളിപ്പറമ്പ് (ഇരിക്കൂര്‍), ചിന്മയ വിദ്യാലയ ചാല (കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി), ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്നോളജി ചാല (ധര്‍മ്മടം), ഗവ. ബ്രണ്ണന്‍ കോളേജ്തലശ്ശേരി (തലശ്ശേരി), നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ് (കൂത്തുപറമ്പ്), ഇരിട്ടി എംജി കോളേജ്(മട്ടന്നൂര്‍, പേരാവൂര്‍) എന്നിവയാണ് ജില്ലയിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. പൊതു ജനങ്ങള്‍ക്ക് വോട്ടണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: