സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും
. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസേ്ട്രട്ട് കെ കെ നിമ്മിയാണ് ശിക്ഷ വിധിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. മൂന്നാം പ്രതി ബി മണിമോനെ വെറുതെ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് മൂന്നരയ്ക്ക് ശിക്ഷ വിധിക്കുകയായിരുന്നു

ഇന്ത്യന്‍ ശിക്ഷാനിയമം 406 (കുറ്റകരമായ വിശ്വാസ വഞ്ചന) 419 (ആള്‍മാറാട്ടം), 420(ചതിയിലൂടെ പണം കൈക്കലാക്കല്‍), 471 (വ്യാജരേഖ ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാര്‍. തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും സരിത കോടതിയെ ബോധിപ്പിച്ചു. ബിജു രാധാകൃഷ്ണന്‍ ഹാജരായില്ല. അവധി അപേക്ഷ നല്‍കുകയായിരുന്നു

കോഴിക്കോട് നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ നല്‍കാമെന്നുപറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, പാലക്കാട്ട് വിന്‍ഡ് മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്തും പണം തട്ടിയെടുത്തെന്നും പരാതിയിലുണ്ടായിരുന്നു.2018 ഒക്ടോബറിലാണ് വിചാരണ പൂര്‍ത്തിയായത്. കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി ജെയ്സണ്‍ അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെഫ്രി ജോര്‍ജ് ജോസഫ് ഹാജരായി. ബിജു രാധാകൃഷ്ണനുവേണ്ടി അഡ്വ. ഇ പ്രദീപ്കുമാറും സരിതക്കും മണിമോനും വേണ്ടി അഡ്വ. പ്രേം ലാലും ഹാജരായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: