ഇരിട്ടി താലൂക്കാസ്പത്രി : കോവിഡ് ആസ്പത്രിയായി

 

ഇരിട്ടി: കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനം തന്നെ ചികിത്സക്കായി പ്രവേശിപ്പിച്ച ത് 17 പേരെ. ഇരിട്ടി എം ജി കോളേജ് വിമൻസ് ഹോസ്റ്റലിലിൽ പ്രവർത്തിക്കുന്ന നഗരസഭാ സി എഫ് എൽ ടി സി യിൽ പ്രവേശിപ്പിച്ചിരുന്ന കൊവിഡ് ബാധിതതരായ 3 ബി എസ് എഫ് ജവാന്മാരെയും ഇവിടേക്ക് മാറ്റി. 32 പേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യമാണ്‌ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.
നിലവിലുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരമാണ് ഇരിട്ടി താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിമാറ്റിയത്. ജില്ലയിലെ മറ്റുകേന്ദ്രങ്ങളെല്ലാം രോഗികളെ ക്കൊണ്ട് നിറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം . രോഗ ലക്ഷണങ്ങൾ കൂടിയവരും എന്നാൽ ഗുരുതരാവസ്ഥയിൽ അല്ലാത്തവരുമായി ബി കാറ്റഗറി രോഗികൾക്കാണ് ഇവിടെ ചികിത്സ ലഭിക്കുക .
നാല് ദിവസം മുൻപാണ് ആരോഗ്യ വകുപ്പിന്റെയും ഇരിട്ടി നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടെയും നേതൃത്വത്തിൽ ഇരിട്ടി ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ നിർദ്ദേശം വന്നത്. ഉടനെ തന്നെ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
ഫിസിഷ്യൻ ഡോ. ആർജുൻ ആണ് കൊവിഡ് ആശുപത്രി നോഡൽ ഓഫിസർ . 9 നഴ്‌സുമാരെയും, 3 ഡോക്ടർമാരെയും , അറ്റൻഡർമാരെയും, ശുചീകരണ ജീവനക്കാരെയും ഇവിടേക്ക് കൂടുതലായി നിയമിച്ചു. 22 ഓക്‌സിജൻ സിലിണ്ടറുകളും മരുന്നും ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായതോടെ നിലവിൽ ലഭിച്ചിരുന്ന കോവിഡ് ഇതര രോഗികളുടെ കിടത്തി ചികിത്സ ഇവിടെ ഉണ്ടായിരിക്കില്ല. എന്നാൽ കൊവിഡ് ഒഴികെയുള്ള ഒപി ചികിത്സ പുതിയ ബ്ലോക്കിൽ ലഭിക്കും. നേരത്തെ പഴയ കെട്ടിടത്തിലായിരുന്ന സായാഹ്ന ഒപിയും അത്യാഹിത സേവനങ്ങളും ഉച്ചയ്ക്ക് 1 മുതൽ രാവിലെ 8 വരെ പുതിയ ബ്ലോക്കിലേക്ക് മാറ്റിലഭ്യമാക്കി. കിടത്തി ചികിത്സ ആവശ്യമായി വരുന്നവരെ ജില്ല ആശുപത്രിയിലേക്കോ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കോ അയക്കാനാണ് തീരുമാനം.
ഇരിട്ടി ആശുപത്രിയിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കണമെങ്കിൽ അതതു പ്രദേശത്തെ മെഡിക്കൽ ഓഫിസർമാർ ജില്ല കൊവിഡ് കൺട്രോൾ സെൽ മുഖേന ശുപാർശ ചെയ്ത് വേണം വരാൻ . ബി കാറ്റഗറി ചികിത്സ ആവശ്യമുള്ള രോഗിയാണെന്ന് ബന്ധപ്പെട്ട മെഡിക്കൽ ഓഫിസർമാർ കൺട്രോൾ സെല്ലിൽ വിവരം നൽകണം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടക്ക സൗകര്യം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം നോഡൽ ഓഫിസർക്കും ബന്ധപ്പെട്ട രോഗിക്കും ആശുപത്രിയിൽ എത്താനുള്ള വിവരം ലഭിക്കും. തുടർന്ന് ജില്ല കൺട്രോൾ സെല്ലിൽ നിന്ന് തന്നെ ആശുപത്രിയിൽ എത്താൻ 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കും.
കിടത്തി ചികിത്സക്കായി വരുന്നവർ അവർക്കാവശ്യമായ വസ്ത്രങ്ങൾ അടക്കമുള്ള അവശ്യ വസ്തുക്കൾ കയ്യിൽ കരുതണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ അറിയിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയതിനു പുറമെ 3 സിഎഫ്എൽടിസികളും ക്രമീകരിച്ചതായി ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത അറിയിച്ചു. സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള സിഎഫ്എൽടിസിയായി 40 കിടക്കകളുടെ സൗകര്യത്തോടെ ഇരിട്ടി എംജി കോളജ് വിമൻസ് ഹോസ്റ്റൽ മാറ്റും . ഉളിയിൽ നരയൻപാറ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 100 കിടക്കകളുടെ സൗകര്യത്തോടെയും, കീഴൂർകുന്ന് പാലാപറമ്പിൽ നഗരസഭ അധിനതയിലുള്ള പകൽ വീട് വയോജന കേന്ദ്രം 10 കിടക്കകളുടെ സൗകര്യത്തോടെയും സിഎഫ്എൽ ടി സി യാക്കും. എസഎസ്എൽ സി പരീക്ഷ കഴിഞ്ഞാൽ ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളും സിഎഫ്എൽടിസിയാക്കിമാറ്റാനാണ് തീരുമാനം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: