കണ്ണൂരിൽ കടകൾ തുറക്കാനനുവദിക്കണം: മുസ്‌ലിം ലീഗ്

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രവും കേരള സർക്കാറും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോർട്ടുകളല്ലാത്ത മേഖലകളിൽ പോലും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെൻറ് നിയമം അനുസരിച്ച് റജിസ്റ്റർ ചെയ്ത മുഴുവൻ കടകളും തുറക്കാമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ റെഡ് സോണിൽ ഉൾപ്പെട്ട കണ്ണൂർ ഉൾപ്പെടെ യുള്ള ജില്ലകളിൽ ഹോട്സ്പ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഈ ഇളവ് അനുവദിക്കേണ്ടത് അതത് ജില്ലാ കലക്ടർമാരാണ്. ജില്ലയിൽ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള ഹോട്സ്പോട്ടുകൾ വെറും അഞ്ച് മുനിസിപ്പാലിറ്റികളും 23 ഗ്രാമ പഞ്ചായത്തുകളുമാണ്. എന്നാൽ ബാക്കി വരുന്ന ഒരൊറ്റ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കാത്ത പഞ്ചായത്തുകളിൽ പോലും നിത്യോപയോഗ സാധനങ്ങൾക്കാവശ്യമാത്ര മതിയായ കടകൾ തുറന്ന് പ്രവർത്തിക്കാത്തത് മൂലം ജനങ്ങൾ കടുത്ത പ്രയാസത്തിലാണ്. പോലീസ് ആകട്ടെ, ക്രൂരവും മനുഷ്യത്വരഹിതവുമായ വിധത്തിൽ പെരുമാറുന്നത് ജനങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ പല പഞ്ചായത്തുകളിലും ഈ സംവിധാനം പാളിയതായാണ് റിപ്പോർട്ട്. ഒരു വാർഡിൽ ഒരു കട തുറക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് അശാസ്ത്രീയമായ കാഴ്ചപ്പാടിന്റെ തെളിവാണ്. 500 ൽ പരം വീടുകളുള്ള ഓരോ വാർഡിലും ഒരു കട മാത്രം തുറക്കാനും അവിടെ നിന്ന് തന്നെ ഹോം ഡെലിവറിയായി സാധനങ്ങൾ നൽകണമെന്ന തീരുമാനവും വികലമാണെന്ന് അബ്ദുൽ കരീം ചേലേരി ചൂണ്ടിക്കാട്ടി.

ജില്ലയിലെ പല പഞ്ചായത്തുകളിലും പോലീസ് രാജിന്റെ പ്രതീതിയാണുള്ളത്.ഈ നില തുടർന്നാൽ ഭക്ഷണം കിട്ടാതെ ജനം പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യം പോലും ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്.

ഇത്തരം സങ്കീർണ്ണമായ സാഹചര്യം നിലനിൽക്കുന്ന ഹോട്ട് സ്പോട്ടുകൾ കൂടിയായ മാട്ടൂൽ, മാടായി പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും ഇടപെടലിനെ തുടർന്ന് ഇന്നലെ എം.എൽ.എ. യുടെയും കണ്ണൂർ, പയ്യന്നൂർ തഹസിൽദാർമാരുടെയും സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ ശ്രദ്ധേയമാണ്. അത് പ്രകാരം ഒരു വാർഡിൽ ഒരു പലചരക്ക് കടയും പഴം, പച്ചക്കറി കടകളും ചിക്കൻ സ്റ്റാളുമാണ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. പഴയങ്ങാടി നഗരം കേന്ദ്രീകരിച്ച് ആറ് മൊത്തവ്യാപാര കടകളും ചില്ലറ വിൽപന ശാലകളും പഴം, പച്ചക്കറി കടകളും തുറക്കാനും അതത് സ്ഥലങ്ങളിൽ മത്സ്യ കച്ചവടം നടത്താനും തീരുമാനമുണ്ട്.

ഇതിന് ശേഷമാണ് ഷോപ്പ് സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് നിയമം അനുസരിച്ച് റജിസ്റ്റർ ചെയ്ത മുഴുവൻ കടകളും തുറക്കാമെന്ന സർക്കാർ ഉത്തരവ് വന്നത്.

ആയതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് എടുത്തിട്ടുള്ള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് കീഴിൽ വരുന്ന എല്ലാ വ്യാപാര – വാണിജ്യ സ്ഥാപനങ്ങളും ലോക്ക് ഡൗൺ നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് നേതാക്കൾ കളക്ടർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: