ലോക്‌സഭ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ മുതല്‍

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നാളെ(മാര്‍ച്ച് 28) മുതല്‍ സ്വീകരിക്കും. ഏപ്രില്‍ നാലാണ് അവസാന തീയതി. പത്രിക സമര്‍പ്പണ സമയത്ത് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പ്രവേശനമുള്ളൂ. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടറുടെ ഓഫീസില്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണ സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് സ്ഥിതിചെയ്യുന്നതിന് 100 മീറ്ററിനുള്ളില്‍ സ്ഥാനാര്‍ഥിയോടൊപ്പം മൂന്ന് വാഹനങ്ങള്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ പത്രിക പിന്‍വലിക്കാവുന്നതാണ്.

സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് നടത്തുന്നതിനുമാത്രമായി പത്രികാ സമര്‍പ്പണത്തിന് മുമ്പ് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അറിയിച്ചു. ദേശസാല്‍കൃത ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റോഫീസിലോ സ്ഥാനാര്‍ഥിയുടെ സ്വന്തംപേരിലോ സ്ഥാനാര്‍ഥിയുടേയും ഇലക്ഷന്‍ ഏജന്റിന്റേയും ജോയന്റ് അക്കൗണ്ടായോ അക്കൗണ്ട് തുടങ്ങാവുന്നതാണ്. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും അക്കൗണ്ട് ആരംഭിച്ചിരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ വരവു ചെലവുകളും ഈ അക്കൗണ്ടിലൂടെ മാത്രമേ നിര്‍വഹിക്കാവൂ. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകളും അക്കൗണ്ട് വഴി മാത്രമായിരിക്കണം. ക്രോസ്ഡ് അക്കൗണ്ട് പെയീചെക്ക,് ഡിമാന്റ് ഡ്രാഫ്റ്റ്, ആര്‍.ടി.ജി.എസ്, നെഫ്റ്റ് എന്നിവ മുഖേന മാത്രമേ ഇടപാട് നടത്താവൂയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉച്ഛഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയങ്ങില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. നിരോധിത സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പക്ഷം അവ കണ്ടുകെട്ടും.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അധികൃതരില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം ഉച്ചഭാഷിണിയുള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍, ലോക്കല്‍ പോലീസ് എന്നിവരെ പെര്‍മിറ്റിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

നിയമം ലംഘിക്കാതെയാണ് അവ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ലോക്കല്‍ പോലീസാണ്. തെരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളു. പോളിംഗ് അവസാനിച്ചതിന് ശേഷം ഫലപ്രഖ്യാപനം വരെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും പാലിക്കണം. നിയമ പ്രകാരം അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദം ഉച്ചഭാഷിണികളിലൂടെ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: