രാവെളിച്ചത്തിൽ പെൺനടത്തം


മയ്യിൽ: രാവെളിച്ചത്തിൽ ഒത്തുചേർന്നുള്ള നടത്തത്തിലൂടെ അവർ മായ്‌ച്ചുകളയാൻ ശ്രമിച്ചത്‌ അറിഞ്ഞും അറിയാതെയും ലോകം കൊണ്ടുനടക്കുന്ന ലിംഗവിവേചന ചിന്തകളെയാണ്‌. രാത്രിയിലെ ലോകവും യാത്രയും വിനോദവും വിലക്കുന്നവർക്കെതിരെയാണ്‌ അവർ വിരൽചൂണ്ടിയത്‌. പെണ്ണിന്‌ നേരെ അനുദിനമെന്നോണം ഉയരുന്ന അതിക്രമങ്ങളോടാണ്‌ പ്രതികരിച്ചത്‌. ‘അമ്മ അടിമയായ മണ്ണിൽ അടിമയായ മക്കളേ പിറക്കയൂള്ളൂ’ എന്ന്‌ കൂട്ടപ്പാട്ടിലൂടെ ഓർമപ്പെടുത്തിയാണ്‌ അവസരസമത്വ ചിന്തകളെ അവർ രാത്രിനടത്തിൽ വിളക്കി ചേർത്തത്‌.
സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനുമെതിരെ ജനമനസാക്ഷിയുണർത്താനാണ്‌ മയ്യിൽ ടൗണിൽ വനിതകളുടെ രാത്രിനടത്തം ഒരുക്കിയത്‌.
മയ്യിൽ പഞ്ചായത്ത്‌, കുടുംബശ്രീ മിഷൻ, വനിതാ ശിശുവികസന വകുപ്പ്‌, ജെൻഡർ റിസോഴ്‌സ്‌ സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ്‌ രാത്രിനടത്തമൊരുക്കിയത്‌. പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച യാത്ര ടൗണിൽ സമാപിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന, അങ്കണവാടി ജീവനക്കാർ, ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ന ഉദ്‌ഘാടനം ചെയ്‌തു. എം വി അജിത, വി വി അനിത, പി സൗമിനി, കെ ശ്രീജ, കെ വി പത്മിനി, കെ വി ഭാരതി, പി ലത എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: