ആവേശമായി മിനി മാരത്തോൺ; ഷെറിൻ ജോസും എം.എസ് ശ്രുതിയും ജേതാക്കൾ

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ മിനി മാരത്തണും ഫൺ റണ്ണും നഗരത്തിന് ആവേശമായി. പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജിലെ ഷെറിൻ ജോസും വനിതാ വിഭാഗത്തിൽ പാല അൽഫോൺസ കോളേജിലെ എം.എസ് ശ്രുതിയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജിലെ ആനന്ദ് കൃഷ്ണ കെ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിനു പീറ്റർ, വനിതാ വിഭാഗത്തിൽ പാല അൽഫോൺസ കോളേജിലെ പി എ റിസാന, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ സ്‌റ്റെല്ല എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ടൗൺ സ്‌ക്വയറിൽ ഒളിംപ്യൻ ഫ്രെഡറിക് മാന്വൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് കെ കെ പവിത്രൻ, വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി കെ സനോജ്, സ്‌പോർട്്‌സ് കൗൺസിൽ അത്‌ലറ്റിക് കോച്ചുമാരായ കെ അശോകൻ, അനീസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഒളിംപ്യൻ മാന്വൽ ഫ്രെഡറിക്, മാരത്തോണിൽ പങ്കെടുക്കാനെത്തിയ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി എന്നിവർ പൊന്നാട അണിയിച്ചു.

ബുധനാഴ്ച രാവിലെ ആറരയോടെ ടൗൺ സ്‌ക്വയറിൽ നിന്നാരംഭിച്ച മിനി മാരത്തോണിൽ സ്ത്രീകളും പുരുഷൻമാരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ടൗൺ സ്‌ക്വയറിൽ നിന്ന് തുടങ്ങിയ മിനി മാരത്തോൺ താവക്കര ബസ്റ്റാന്റ് ജംഗ്ഷൻ-ബാങ്ക് റോഡ്-ഫോർട്ട് റോഡ്-ഗസ്റ്റ് ഹൗസ് മുനീശ്വരൻ കോവിൽ വഴി മുനിസിപ്പൽ ഹയർ സെക്കന്ററി സ്‌കൂളിൽ സമാപിച്ചു. 

ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപ വീതവും ഇരുവിഭാഗങ്ങളിലുമായി നാലു മുതൽ 10 വരെ സ്ഥാനങ്ങൾ നേടിയ 14 പേർക്ക് 1000 രൂപ വീതവുമാണ് കാഷ് പ്രൈസ് നൽകുന്നത്. ബുധനാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം ടൗൺ സ്‌ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കാഷ് പ്രൈസ് വിതരണം ചെയ്യും.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: