ചെറിയ തീപ്പൊരിപോലും  വലിയ തീപ്പിടിത്തത്തിന് കാരണമാകാം

0

അന്തരീക്ഷ താപനില വളരെ കൂടുതലായതിനാൽ ഏതെങ്കിലും വിധത്തിലുള്ള ചെറിയ തീപ്പൊരിപോലും വലിയ തീപിടുത്തത്തിന് കാരണമാകാമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ലൂസ് കോൺടാക്ട്, ലീക്കേജ് എന്നിവയും വൈദ്യുതി മൂലമുള്ള തീപിടുത്തത്തിന് കാരണമാവാൻ സാധ്യതയുണ്ട്. സ്വന്തം സ്ഥാപനത്തിലെ തകരാർ ചുറ്റുപാടുമുള്ള സ്ഥാപനങ്ങളെക്കൂടി ബാധിക്കും. 

സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: സ്ഥാപനത്തിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ ഉണ്ടെന്നും അതിന്റെ പ്രവർത്തന ക്ഷമതയും ഉറപ്പുവരുത്തുക, കേടായവ മാറ്റി സ്ഥാപിക്കുക. സ്ഥാപനത്തിലെ എർത്തിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി എർത്ത് ഇലക്‌ട്രോഡിന് ചുറ്റും വെള്ളമൊഴിച്ച് കൊടുക്കുക. എർത്ത് കമ്പിയിൽ പൊട്ടലുകളോ ലൂസ് കോൺടാക്‌ടോ ഇല്ലെന്ന് ഉറപ്പുവരുത്തുക. വൈദ്യുത ജോലികൾ സ്വയം ചെയ്യാതിരിക്കുക. താൽക്കാലിക വയറിംഗ് ഒഴിവാക്കുക. ആവശ്യമുള്ള പക്ഷം ഇത് പി വി സി പൈപ്പിനകത്ത് കൂടി മാത്രം ചെയ്യുക, ഇതിനായി ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ സേവനം തേടുക.

നിലവാരം കുറഞ്ഞ അലങ്കാര ദീപങ്ങൾ, എൽ ഇ ഡി, സി എഫ് എൽ വിളക്കുകൾ എന്നിവ ഉപയോഗിക്കരുത്. ഇവ പൊട്ടിത്തെറിക്കാനും വൈദ്യുതാഘാതം, തീപ്പിടിത്തം എന്നിവയ്ക്കും കാരണമാകാം. കൂടാതെ നിലവാരം ഉപകരണങ്ങൾ വൈദ്യുതി നഷ്ടത്തിന് കാരണമാകാം. വൈദ്യുതി ഉപകരണങ്ങൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മാത്രം വാങ്ങുക. ഇവയ്ക്ക് ഐ എസ് ഐ മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക. ഗുണ നിലവാരം കുറഞ്ഞ സാമഗ്രികൾ പെട്ടെന്ന് കേടാവുകയും ഇവ ഉപേക്ഷിക്കുമ്പോൾ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. 

സ്വിച്ച് ബോർഡുകളും പാനലുകളും തുറന്നിടരുത്. അകത്ത് കടക്കുന്ന ഇഴജന്തുക്കളോ മറ്റ് വസതുക്കളോ ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. കൂടാതെ സ്വിച്ച് ബോർഡ്, പാനൽ എന്നിവയ്ക്ക് മുകളിൽ വിളക്ക്, മെഴുകുതിരി, ചന്ദനത്തിരി എന്നിവ കത്തിച്ച് വെക്കരുത്. കട്ടി കൂടിയ കമ്പികൾ ഫ്യൂസ് വയറുകളായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റി അവശ്യമായ അളവിലുള്ള  ഫ്യൂസുകൾ മാത്രം ഉപയോഗിക്കുക. തീപിടുത്തമുണ്ടാകുന്ന പക്ഷം ആദ്യം തന്നെ സ്ഥാപനത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുക.  സോളാർ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നുള്ള വൈദ്യുത ബന്ധവും വിച്ഛേദിക്കുക. ഇതിനായി ബന്ധപ്പെട്ടവർക്ക് പരിശീലനം നൽകുക.

അടിയന്തിര ഘട്ടങ്ങളിൽ പുറത്തേക്ക് പോകാനുള്ള വഴി അടയാളപ്പെടുത്തുന്നതോടൊപ്പം അത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. സ്വിച്ച് ബോർഡുകൾക്ക് മുന്നിൽ സാധന സാമഗ്രികൾ കൂട്ടിയിട്ട് വഴി തടസപ്പെടുത്താതിരിക്കുക. ഒരു പ്ലഗ് സോക്കറ്റിൽ നിന്ന് ഒന്നിൽ കൂടുതൽ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. എല്ലാ ദിവസവും സ്ഥാപനം അടയ്ക്കുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. അല്ലാത്ത പക്ഷം അത്യാവശ്യമല്ലാത്ത എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇൻവേർട്ടർ, യു പി എസ്, സോളാർ എന്നിവയുടെ ബാറ്ററികളിൽ ആവശ്യമായ വെള്ളം നിറയ്ക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ബാറ്ററിക്ക് ചുറ്റും ആവശ്യമായ വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക. ഇവയുടെ അടുത്ത് തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തുക. 

ഫയർ പമ്പുകളുടെ സ്വിച്ചുകൾ, ഫയർ അലാറം മുതലായവ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുകയും ബന്ധപ്പെട്ടവർക്ക് പരിശീലനം നൽകുകയും ചെയ്യുക. ആവശ്യമായ അഗ്നിശമകങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്യുക. ഗ്യാസ് സിലിണ്ടറുകൾ, ഡീസൽ എന്നിവ സ്വിച്ച് ബോർഡ്, പാനൽ എന്നിവയ്ക്കരികിൽ സൂക്ഷിക്കാതിരിക്കുക. വ്യാവസായിക സ്ഥാപനങ്ങളിലെ ബോയിലറിനടുത്ത് തീ പിടിക്കുന്ന വസ്തുക്കൾ കൂട്ടിയിടരുത്. വൈദ്യുത പാനലുകൾ കേബിളുകൾ, സ്വിച്ചുകൾ തുടങ്ങിയവയ്ക്ക് സാധാരണയിൽ കവിഞ്ഞ് ചൂടുണ്ടാകുന്ന പക്ഷം ഇവ ശരിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading