സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി:  ജില്ലയിലെ 11 വീടുകളുടെ താക്കോൽദാനം നടത്തി

കഴിഞ്ഞ ആഗസ്റ്റിലെ പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പ് വീട് നിർമ്മിച്ചു നൽകുന്ന കെയർഹോം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 11 വീടുകളുടെ താക്കോൽദാനം പി.കെ. ശ്രീമതി ടീച്ചർ എം.പി. നിർവഹിച്ചു. പ്രളയ ദുരന്തത്തെ ഇച്ഛാശക്തിയോടെ നേരിട്ട സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് എം പി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ 20 വീടുകളാണ് നിർമ്മിച്ചുനൽകുന്നത്. 

കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ (ജനറൽ) ഡി. സുമകുമാരി അമ്മ, പി.എ.സി.എസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി ദാമോദരൻ, ജോയിൻറ് ഡയറക്ടർ (ഓഡിറ്റ്) കണ്ണൂർ കെ. വിജയൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ. ദിനേശ് ബാബു എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് കെയർ ഹോമിന്റെ ഭാഗമായി വീട് നിർമ്മിച്ചു നൽകുന്നത്. സംസ്ഥാനത്ത് ആകെ 4000 വീടുകളാണ് നിർമ്മിച്ചു നൽകുക. ഇതിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന 2000 വീടുകളിൽ 231 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിനുള്ള ചുമതല സഹകരണ ബാങ്കുകൾക്കാണ് നൽകിയിട്ടുള്ളത്. ഒരു വീട് നിർമ്മിക്കുന്നതിന് കെയർ ഹോം പദ്ധതിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 95100 രൂപയുമാണ് അനുവദിച്ചിരുന്നത്. 2018 ഡിസംബർ മൂന്നിന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച വീടുകൾ 85 ദിവസം കൊണ്ടാണ് പൂർത്തീകരിച്ച് വാസയോഗ്യമാക്കിയത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: