ആറളം സ്‌കൂളിലെ കുട്ടികൾ ഇനി സ്വന്തം സൈക്കിളിൽ  സ്‌കൂളിലെത്തും; 102 കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു

ആറളം ഫാം ഹൈസ്‌കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി സൈക്കിൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്. സ്‌കൂളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയുക എന്ന ലക്ഷ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് സൈക്കിൾ വിതരണം. 6.5 ലക്ഷം രൂപ ചെലവിലാണ് സ്‌കൂളിലെ 102 വിദ്യാർത്ഥികൾക്ക് സൈക്കിൾ ലഭ്യമാക്കിയിരിക്കുന്നത്. 47 ആൾക്കുട്ടികൾക്കും 55 പെൺകുട്ടികൾക്കുമാണ് സൈക്കിൾ നൽകിയത്. 

കുട്ടികൾ സ്ഥിരമായി സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാക്കുന്നതിനാണ് സൈക്കിൾ വിതരണം നടത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. വരും വർഷങ്ങളിൽ സ്‌കൂളിലെ എട്ടാം ക്ലാസിലെത്തുന്ന എല്ലാ കുട്ടികൾക്കും സൈക്കിൾ നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ ആലോചനയിലാണ്. ആറളം സ്‌കൂളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആദിവാസി മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി ആറളം ഫാം സ്‌കൂളിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നത്. ആറളം മേഖലയിൽ അനുഭവപ്പെടുന്ന യാത്രാ പ്രശ്‌നമാണ് കുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് ഒരു പ്രധാന കാരണമായി കണ്ടെത്തിയിരുന്നത്. ഇത് പരിഹരിക്കുക, പഠന രംഗത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എട്ടാം ക്ലാസിലെത്തിയാൽ സൈക്കിൾ ലഭിക്കുമെന്ന ബോധം കുട്ടികളിലുണ്ടാക്കി, ഇതുവഴി എന്നും അവരെ സ്‌കൂളിലെത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സൈക്കിളിന് തകരാറ് സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലൻ, ടി ടി റംല, അംഗങ്ങളായ അജിത്ത് മാട്ടൂൽ, തോമസ് വർഗീസ്, ആറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി പി നിർമ്മല ദേവി, വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: